ചാഴൂർ: പ്രകൃതി രമണീയമാണ് മനക്കൊടി - പുള്ള് പാടശേഖരം. അരിമ്പൂർ, ചാഴൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്തെ വിനോദ സഞ്ചാര മേഖലയാണിത്. തട്ടുകടയിലെ ഭക്ഷണവൈവിദ്ധ്യങ്ങൾ ആസ്വദിക്കാനും ശാന്തമായ അന്തരീക്ഷത്തിൽ സമയം പങ്കിടാനും ആളുകൾ സുഹൃത്തുക്കളുമായും കുടുംബവുമായും ഒഴുകിയെത്തുന്ന ഇടം. തൃപ്രയാർ നിന്ന് തൃശൂരിലേക്ക് എളുപ്പ വഴി എന്നതിനാൽ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നവരും അനവധി.
വെള്ളം കയറി റോഡ് അടച്ചതിനെ തുടർന്ന് രണ്ടു മാസമായി ഇവിടെ വിനോദ സഞ്ചാരികൾ എത്തിയിരുന്നില്ല. റോഡിലെ വെള്ളം ഇറങ്ങിയെങ്കിലും കെ.എൽ.ഡി.സിയുടെ കനാലിൽ കുളവാഴ, കരിവാരി, പായൽ എന്നിവ നീക്കം ചെയ്യുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തട്ടുകടകൾ തുറന്നതോടെ സഞ്ചാരികളും എത്തിത്തുടങ്ങി. ഇതോടെ പുള്ളിലെ വഞ്ചിക്കാരൻ എന്നറിയപ്പെടുന്ന പുള്ള് സ്വദേശി വന്നേരി വീട്ടിൽ ഷാജി അരലക്ഷത്തിലധികം രൂപ സ്വന്തം കെെയിൽ നിന്ന് ചെലവഴിച്ചാണ് ചാലിലെ തടസങ്ങൾ നീക്കിയത്. ആഴ്ചകൾക്ക് മുൻപ് സമീപത്തുള്ള പാടശേഖരത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചിരുന്നു. ബാക്കി മൂന്നു പേരെ രക്ഷപ്പെടുത്തിയത് ഷാജിയുടെ കുട്ടവഞ്ചികൾ എടുത്ത് ഉപയോഗിച്ചാണ്. നിയമാനുസൃതമായ അംഗീകാരത്തോടുകൂടിയാണ് ഇവിടെ കുട്ടവഞ്ചികൾ സർവീസ് നടത്തുന്നത്. സമീപത്തു തന്നെ ഭക്ഷണത്തിനായി ഏഴ് തട്ടുകടകളും ഉണ്ട്. സായന്തനങ്ങളിൽ ഇളം കാറ്റേറ്റ് ഓളപ്പരപ്പുകളിൽ സഞ്ചരിച്ച് വയറു നിറയെ വ്യത്യസ്ത വിഭവങ്ങൾ സേവിച്ച് മടങ്ങുകയാണ് ഓരോ സഞ്ചാരിയും ഇവിടെ.
വഞ്ചി, ബോട്ട്, കയാക്കിംഗ്...
ആറ് കുട്ടവഞ്ചി, നാല് പെഡൽ ബോട്ട്, രണ്ട് കയാക്കിംഗ് എന്നിവ ഇവിടത്തെ ജലവിനോദങ്ങളാണ്. 10 പേർ ഇതുമായി ബന്ധപ്പെട്ട് ഇവിടെ ജോലിയും ചെയ്യുന്നുണ്ട്. ലൈഫ് ജാക്കറ്റുകളും ലൈഫ് ഗാർഡുമാരെയും വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. തികച്ചും ടൂറിസം മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ.