തൃപ്രയാർ: ആയുർവേദ ചികിത്സയ്ക്ക് പെരുമയേകിയ പൊക്കാഞ്ചേരി തറവാട്ടിലെ തലയെടുപ്പുള്ള ഭിഷഗ്വരനായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ഡോ. പി.ആർ.പ്രേമലാൽ. ഒട്ടേറെ സ്‌നേഹവും ബഹുമതികളും എറ്റുവാങ്ങിയ വ്യക്തി. ആയുർവേദ ചരിത്രത്തിൽ അക്ഷരമാലാഖയായിരുന്നു അദ്ദേഹം. രോഗികളെ ക്ഷമയോടെ കേട്ട്, നർമത്തോടെ പ്രതികരിച്ച് മരുന്നെഴുതുന്ന ഡോക്ടർ. പിന്നീട് വരുമ്പോൾ രോഗിയുടെ പേരും സ്ഥലവും ഓർമ്മയുണ്ടാകും. തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് വലപ്പാടിന്റെ മണ്ണിൽ ചികിത്സകനായും വിഷവൈദ്യനായും ചികിത്സയാരംഭിച്ചു. മെഡിക്കൽ ഓഫീസർ സ്ഥാനത്തുനിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ, ജോയിന്റ് ഡയറക്ടർ, ഒടുവിൽ ആയുർവേദ ഡയറക്ടർ. നൂറോളം പുതിയ ഗവ. ആയുർവേദ ആശുപത്രികൾ സംസ്ഥാനത്ത് തുടങ്ങിയെന്ന് മാത്രമല്ല, നിലവിലുണ്ടായിരുന്ന ആശുപത്രികൾ നവീകരിക്കാനും ചികിത്സ ഉറപ്പാക്കാനും അദ്ദേഹത്തിനായി.

കേരളത്തിലെ ആയുർവേദത്തിനൊരു ദിശാബോധം നൽകിയ വ്യക്തി. പാലക്കാട് ശാന്തിഗിരി കോളേജിന്റെ പ്രിൻസിപ്പലായി മൂന്നു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊക്കാഞ്ചേരി രാമകൃഷ്ണൻ വൈദ്യരുടെ ഒൻപത് മക്കളിൽ അഞ്ചുപേർ ആയുർവേദ ഡോക്ടർമാരാണ്. പ്രേമലാലിന്റെ വിയോഗത്തോടെ ഇനി ഈ കണ്ണിയിലുള്ളത് ഡോ. സിദ്ധാർത്ഥശങ്കർ മാത്രമാണ്. ഡോ. വിക്രംസിംഗ്, ഡോ. ജയതിലകൻ, ഡോ. ഇന്ദുലാൽ എന്നിവർ നേരത്തേ മരണപ്പെട്ടു. മറ്റൊരു സഹോദരൻ എൻജിനീയർ നന്ദകുമാർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സഹോദരിമാരിൽ ലക്ഷ്മീഭായ്, ശാന്താഭായ് എന്നിവരും മരിച്ചു. ശോഭനാഭായ് എന്ന സഹോദരികൂടിയുണ്ട്.