പാവറട്ടി: യാത്രയ്ക്കിടയിൽ ബസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പൂവത്തൂർ മാർക്കറ്റിന് സമീപം പെരിങ്ങാട് ശ്രീധരന്റെ ഭാര്യ നളിനിയാണ് (74) മരിച്ചത്. ഇന്നലെ രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നാണ് നളിനി സ്വകാര്യബസിൽ കയറിയത്. നളിനി കയറി ഉടൻതന്നെ കണ്ടക്ടർ വാതിൽ അടയ്ക്കുകയും ചെയ്തു. ആദ്യം ഡ്രൈവറുടെ പിറകിൽ നിന്ന നളിനി പിന്നിൽ സീറ്റുണ്ടെന്ന് കണ്ടെക്ടർ പറഞ്ഞതോടെ അവിടേക്ക് നടക്കാൻ ശ്രമിച്ചു. ഇതിനിടെ പൂച്ചക്കുന്ന് വളവിൽ വച്ച് ബാലൻസ് തെറ്റി വാതിലിന്റെ ഭാഗത്തേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ശക്തിയിൽ വാതിൽ തുറന്ന് നളിനി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഉടൻതന്നെ നളിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീജീവ്. മരുമക്കൾ: സുരേന്ദ്രൻ,അശ്വതി,അനിത.