photo-

ചെറുതുരുത്തി: കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ കലാമണ്ഡലത്തിന്റെ സ്വന്തം അരകവ്യൂഹം മ്യൂസിക് ബാൻഡും, മുളവാദ്യങ്ങളുടെ രാജാക്കന്മാരായ വയലി മ്യൂസിക് ബാൻഡും മഴോത്സവത്തിന്റെ സമാപനത്തിൽ തീർത്തത് വാദ്യഘോഷ വിസ്മയം. ആസ്വാദകരെക്കൊണ്ട് കലാമണ്ഡലം കൂത്തമ്പലം നിറഞ്ഞു കവിഞ്ഞിരുന്നു.
യുവത്വത്തിന്റെ കൂട്ടായ്മയായ അരകവ്യൂഹം സംഗീത ബാൻഡ് രണ്ടു വർഷങ്ങൾക്കു മുൻപാണ് കേരള കലാമണ്ഡലത്തിൽ രൂപം കൊണ്ടത്. 'അരകവ്യൂഹം' എന്നാൽ ശബ്ദകോലാഹലങ്ങളുടെ കൂട്ടായ്മ എന്നാണ് അർത്ഥം. മിഴാവ്, ചെണ്ട, തിമില തുടങ്ങിയ കേരളീയ പാരമ്പര്യവാദ്യങ്ങൾ, പാശ്ചാത്യവാദ്യങ്ങളുമായി ചേർത്തുള്ള വ്യത്യസ്ത ശൈലിയാണ് പ്രത്യേകത.

നൃത്തവും കഥകളിയും ക്ഷേത്ര കലകളും മാത്രം കണ്ടു ശീലിച്ച കേരളകലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിൽ വാദ്യഘോഷങ്ങളുടെ വിസ്മയം തീർത്തപ്പോൾ വിദ്യാർത്ഥികളും കാണികളും ഒന്നടങ്കം താളത്തിനൊത്ത് നൃത്തം ചവിട്ടു. ഇരു ബാൻഡുകളും മത്സരത്തിന് സമാനമായ രീതിയിലായിരുന്നു പ്രകടനം കാഴ്ചവച്ചത്. കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെയാണ് വയലി മഴോത്സവം സംഘടിപ്പിച്ചത്.

അരകവ്യൂഹവും വയലി ബാൻഡും

നാലുപേരുടെ സംഗീതപരീക്ഷണ പരിശീലനത്തിൽ നിന്നാണ് 'അരകവ്യൂഹം' ബാൻഡിന്റെ തുടക്കം. വൈസ് ചാൻസിലറുടെയും രജിസ്ട്രാറുടെയും പ്രോത്സാഹനത്തിൽ വലിയ ബാൻഡായി മാറി. പിന്നീട് പി.എസ്.സി ചോദ്യപേപ്പറിൽ വരെ ഖ്യാതി ഇടംപിടിച്ചു. മുള ഉപയോഗിച്ച് മാത്രം സംഗീതം ചിട്ടപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ മുള കലാകാരന്മാരുടെ കൂട്ടായ്മയാണ് വയലി ബാംബൂ മ്യൂസിക് ബാൻഡ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിരവധി വിദേശരാജ്യങ്ങളിലും നിരന്തരം പരിപാടികൾ അവതരിപ്പിക്കുന്ന വയലി ബാംബൂ മ്യൂസിക്കിന് ഫാൻസ് കൂട്ടായ്മകളുമുണ്ട്.