തൃശൂർ: കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാമ്പസിൽ പ്രധാനമന്ത്രി സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവത്കരണ (പി.എം.എഫ്.എം.ഇ) പദ്ധതി പ്രകാരം ആരംഭിക്കുന്ന കോമൺ ഇൻക്യുബേഷൻ സെന്ററിന്റെ ഉദ്ഘാടനം നിയമമന്ത്രി പി. രാജീവ് നിർവഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സാമ്പത്തിക, സാങ്കേതിക, വിപണന പിന്തുണ നൽകുന്നതിനായി രൂപവത്കരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പി.എം.എഫ്.എം.ഇ പദ്ധതി.
സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ സ്ഥാപിച്ച കോമൺ ഇൻകുബേഷൻ ഫെസിലിറ്റി കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ 2.75 കോടി രൂപയുടെ സഹായത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോമൺ ഇൻകുബേഷൻ ഫെസിലിറ്റി ലഭ്യമാക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും ചെറിയ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾക്കും ഇൻകുബേഷൻ ഫെസിലിറ്റി ലഭ്യമാക്കും.
പി.എം.എഫ്.എം.ഇ പദ്ധതി
കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ആത്മ നിർഭർ ഭാരത് അഭിയാന്റെ ഭാഗമായി സംസ്ഥാനങ്ങളുമായി സഹകരിച്ച് പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭിക്കും. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി സഹകരിച്ച് 60:40 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 8485 ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രത്തിൽ, 600ലധികം സൂക്ഷ്മ ഭക്ഷ്യ സംരംഭകർക്ക് ആധുനിക യന്ത്രസാമഗ്രികൾ, പരിശീലനം, സാങ്കേതിക മാർഗനിർദ്ദേശങ്ങൾ എന്നിവ ലഭ്യമാക്കും.