കൊടകര : മറ്റത്തൂർകുന്നിൽ വീട്ടുമുറ്റത്ത് കൂടെ കടുവ നടന്നുപോകുന്ന ദൃശ്യം ആശങ്ക സൃഷ്ടിച്ചു. കോപ്ലി യോഹന്നാന്റെ വീട്ടിലെ സി.സി.ടി.വിയിൽ ഞായറാഴ്ച രാത്രി 7.45നാണ് ദൃശ്യം പതിഞ്ഞത്. യോഹന്നാനും കുടുംബവും യു.എസ്.എയിലാണ്. ഇന്നലെ ഉച്ചയോടെയാണ് വീട്ടുകാർ ദൃശ്യം ശ്രദ്ധിക്കുന്നത്.

ക്യാമറ ദൃശ്യം അയൽവാസിക്ക് അയച്ചു കൊടുത്തതോടെയാണ് സംഭവം നാട്ടിൽ അറിയുന്നത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എസ്.ഷിനോജിന്റെ നേതൃത്വത്തിൽ വനപാലകരെത്തി പരിസരത്ത് പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ കണ്ടെത്താനായില്ല. രാത്രിയിൽ കനത്ത മഴയായിരുന്നതിനാലാണ് കാൽപ്പാടുകൾ കാണാനാകാത്തതെന്ന് കരുതുന്നു.

പരിസരത്ത് മൂന്ന് ക്യാമറകൾ സ്ഥാപിച്ചു. ക്യാമറയിൽ ദൃശ്യങ്ങൾ ലഭിച്ചാൽ കൂട് വയ്ക്കുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. കടുവയെ കണ്ട പ്രദേശത്ത് വളർത്തുമൃഗങ്ങളെ കാണാതായ സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ ഈ പ്രദേശത്ത് സ്ഥിരവാസമുള്ളതല്ലെന്നാണ് വനപാലകരുടെ നിഗമനം.