മാള: കൊടുങ്ങല്ലൂർ-കൊടകര സംസ്ഥാനപാതയിൽ അഷ്ടമിച്ചിറ പുല്ലങ്കുളങ്ങര പാടശേഖരങ്ങളുടെ അരികിൽ നിയന്ത്രണമില്ലാതെ വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. അനുബന്ധ റോഡുകളിൽ നിന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച പൂർണമായി മറച്ചുകൊണ്ടാണ് പുൽക്കാടുകൾ വ്യാപിച്ചിരിക്കുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങളെ അകലെ നിന്നും തിരിച്ചറിയാൻ കഴിയാത്തതിനാൽ കൂട്ടിയിടിക്കാനുള്ള സാദ്ധ്യത ഉയർന്നതായി നാട്ടുകാർ പറയുന്നു. മഴക്കാലത്ത് പാതയിൽ വഴുക്കൽ സംഭവിക്കാനുള്ള സാദ്ധ്യതയും രാത്രികാലത്ത് ലൈറ്റ് പ്രതിഫലനം തടസപ്പെടുന്നതുമാണ് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. കൂടാതെ, പുല്ലിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന കൽക്കൂട്ടങ്ങളും കുഴികളും ഇരുചക്ര വാഹനങ്ങൾക്ക് കൂടുതൽ അപകടം വരുത്തുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അനുബന്ധ റോഡുകളിൽ നിന്ന് അനായസം പ്രവേശിക്കാനുള്ള വഴികൾ സുഗമമാക്കാനും അടിയന്തരമായി പുൽക്കാടുകൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.