തൃശൂർ: വ്യാപകമായി തൃശൂരിൽ വ്യാജ വോട്ട് ചേർത്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിതമായാണ് ഇവിടെ വോട്ട് ചേർത്തിട്ടുള്ളത്. വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമാകും. വിവരം പുറത്തുകൊണ്ടുവന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടൊന്നും ഒതുക്കാനാകില്ല.

ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരമാണ് വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുറത്തുവന്നാൽ യു.ഡി.എഫ് പരിശോധനാ വാരം നടത്തും. ഓരോ ബൂത്തിലെയും വോട്ടർമാരുടെ കണക്കെടുത്ത് കൃത്യമായി പരിശോധിക്കും. അതിന് ബൂത്ത് തല കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മതമേലദ്ധ്യക്ഷന്മാർ ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന രീതി രാഷ്ട്രീയ നേതാക്കൾ അവസാനിപ്പിക്കണം. മതനേതാക്കളെ ബഹുമാനത്തോടെ കാണണം. അവർക്ക് സങ്കടം വന്നാൽ ആദ്യം ഓടിയെത്തേണ്ടതും നമ്മളാണ്. വിശ്വാസ്യതയാണ് രാഷ്ട്രീയ നേതാക്കൾ വലുതെന്നും വി.ഡി.സതീശൻ പറഞ്ഞു.