km

തൃശൂർ: തൃശൂരിലെ വോട്ട് ക്രമക്കേട് ആരോപണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.മുരളീധരൻ. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ചേർത്ത വോട്ടുകളാണ് ജനവിധിയിൽ പരാജയപ്പെടാൻ കാരണം. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ കളക്ടറെ അറിയിച്ചിരുന്നു. എന്നാൽ പരാതി അവഗണിക്കുകയും നിഷേധാത്മക സമീപനം സ്വീകരിക്കുകയുമാണ് ചെയ്തത്. കൗണ്ടിംഗ് ദിവസം സുരേഷ് ഗോപി ജില്ലയിൽ ഇല്ലായിരുന്നെന്നും അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് വിട്ടുനിന്നതെന്നും മുരളീധരൻ പറഞ്ഞു. ഇലക്ഷൻ ഫലം അറിഞ്ഞതിന് ശേഷം സുരേഷ് ഗോപി തൃശൂരിലെത്തിയാൽ മതിയെന്നായിരുന്നു അമിത് ഷായുടെ നിർദ്ദേശം. ഇത് ഒരു സിനിമാ നിർമാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. മോദിയുടെ തൃശൂർ സന്ദർശനം മുതൽ ഗൂഢാലോചനകൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.