എരുമപ്പെട്ടി : കാവലാംചിറയിൽ ഇനി വരാലുകൾ നീന്തിത്തുടിക്കും. ജനകീയ മത്സ്യക്കൃഷിയിൽ ഉൾപ്പെടുത്തിയ കാവലാംചിറയിൽ ഇന്നലെ പതിനായിരം വരാൽ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. എരുമപ്പെട്ടി പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമായ കാവലാംചിറ വർഷങ്ങളായി കാട് പിടിച്ച് ആഫ്രിക്കൻ പായൽ മൂടി ഉപയോഗശൂന്യമായി കിടക്കുകയാണ്. നാശോന്മുഖമായി കിടക്കുന്ന എരുമപ്പെട്ടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന കാവലാംചിറ അടുമുടി മാറ്റിമറിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.
കാവലാംചിറയിൽ പതിനായിരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ സുധീഷ് പറമ്പിൽ, എം.കെ.ജോസ്, മാഗി അലോഷ്യസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോയ്‌നി ജേയ്ക്കബ്, മുനീർ, സുമ, പി.എൽ.ജിന്റോ തുടങ്ങിയവർ സംസാരിച്ചു.
അഞ്ച് വർഷത്തേക്ക് പാട്ടത്തിന്
കാവലാംചിറ മത്സ്യവകുപ്പിന്റെ ജനകീയ മത്സ്യക്കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് വർഷത്തേയ്ക്ക് കാവലാംചിറ ഗ്രൂപ്പ് സ്വയം സഹായസംഘത്തിന് പാട്ടത്തിന് നൽകും. 40% സബ്‌സിഡിയിൽ പതിമൂന്നര ലക്ഷം രൂപയ്ക്കാണ് കാവലാംചിറ ഗ്രൂപ്പ് സ്വയം സഹായസംഘം പദ്ധതി നിർവഹണം നടത്തുക. ചിറ വൃത്തിയാക്കൽ, വല കെട്ടി സംരക്ഷിക്കൽ, ക്യാമറ സ്ഥാപിക്കൽ, മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ, മത്സ്യങ്ങൾക്കുള്ള തീറ്റ, സ്റ്റോർ റൂം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കുളിക്കാൻ അവസരം വേണമെന്നു പറഞ്ഞ് നൽകിയ പരാതിയിൽ പൊതുജനങ്ങൾക്ക് കുളിക്കാനും പാടശേഖരത്തിനും അഗ്രോ നഴ്‌സറിക്കും ചിറയിൽ നിന്നും വെള്ളം എടുക്കാനും അനുവാദം നൽകി കൊണ്ട് പഞ്ചായത്ത് സെക്രട്ടറിയും കാവലാംചിറ ഗ്രൂപ്പും കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടിട്ടുണ്ട്.