കൊടുങ്ങല്ലൂർ : പതിറ്റാണ്ടായി തിരുവഞ്ചിക്കുളത്ത് പ്രവർത്തിച്ചുവരുന്ന പ്രധാന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അധികൃതർ നിറുത്തലാക്കി. തിരുവഞ്ചിക്കുളം ഓഫീസിലെ എല്ലാ രേഖകളും ശൃംഗപുരം ഓഫീസിലേക്ക് മാറ്റി. അവിടെ സേവിംഗ്‌സ് ബാങ്ക്, ആർ.ഡി തുടങ്ങിയ നിക്ഷേപങ്ങളുടെ എല്ലാ രേഖകളും സബ് ഓഫീസിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ നാലിന് ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരമാണ് ഓഫീസ് അടച്ചുപൂട്ടി രേഖകൾ മാറ്റിയത്. തിരുവഞ്ചിക്കുളം ബ്രാഞ്ചിൽ വിവിധ പദ്ധതികളിൽ പണം നിക്ഷേപിച്ചിരുന്ന നിക്ഷേപകർക്ക് ഇനി മുതൽ പണം മാറിയെടുക്കാനും നിക്ഷേപിക്കാനും ശൃംഗപുരം ഓഫീസിൽ പോകേണ്ടിവരും. കത്ത് രജിസ്റ്റർ ചെയ്യാനും പോസ്റ്റ് ചെയ്യാനും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങൾക്കും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും. കണ്ടംകുളം, ആനാപ്പുഴ, പുല്ലൂറ്റ് നോർത്ത് എന്നീ പോസ്റ്റ് ഓഫീസും നിറുത്തലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ തലമുറ കമ്പ്യൂട്ടർ യുഗത്തിലേക്ക് തിരിഞ്ഞതോടെ എഴുത്തയക്കുന്ന ശീലം കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് കാര്യങ്ങളെല്ലാം പോസ്റ്റ് ഓഫീസിൽ സാധാരണ പോലെയാണ്.
ഇത് പ്രദേശത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഡ്രൈവിംഗ് ലൈസൻസ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് ബാങ്ക് സംവിധനങ്ങളായ എ.ടി.എം കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് എന്നിവയെല്ലാം ഇപ്പോഴും പോസ്റ്റ് ഓഫീസ് മുഖേനയാണ് എത്തുന്നത്. ബ്രാഞ്ച് പോസ്റ്റ് ഓഫീസ് നിറുത്തലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഏരിയ കമ്മിറ്റിയംഗം കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ടി.പി.പ്രബേഷ് അദ്ധ്യക്ഷത വഹിച്ചു. ഷീല രാജ്കമൽ, സി.വി.ഉണ്ണികൃഷ്ണൻ, ടി.കെ.മധു, അഷ്‌റഫ് സാബാൻ എന്നിവർ സംസാരിച്ചു.
ജനങ്ങൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് നിറുത്തലാക്കിയ ഓഫീസ് ഉടൻ പുന:സ്ഥാപിക്കണം. മറ്റ് ഓഫീസുകൾ നിറുത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം. കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ഉത്തരവ് പിൻവലിക്കാത്തപക്ഷം ശക്തമായ സമര പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും
സി.പി.എം ലോക്കൽ കമ്മിറ്റി
കൊടുങ്ങല്ലൂർ.