ചാലക്കുടി: വാൽപ്പാറയിൽ എട്ടു വയസുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയത് കരടിയാണെ നിഗമനത്തിന് ഈ വനമേഖലയുടെ അവസ്ഥ പ്രധാന കാരണം. കരടികളുടെ സ്ഥിരസാമിപ്യമുള്ള കാടുകളും തേയിലത്തോട്ടങ്ങളുമാണ് വാൽപ്പാറയിൽ. സംഭവം നടന്ന കവരക്കല്ലിൽ നിന്നും കുറേദൂരം അകലെ കരടി ബംഗ്ലാവ് എന്ന പേരിൽ തമിഴ്‌നാട് വനംവകുപ്പിന്റെ വക വിനോദസഞ്ചാര കേന്ദ്രമുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് രാത്രി കാലങ്ങളിൽ ചില്ല് ജാലകത്തിലൂടെ കരടികളെ കാണാമെന്ന പ്രത്യേകതയുമുണ്ട്. ഇതിനായി നിരവധി ആളുകൾ കരടി ബംഗ്ലാവിൽ എത്തുക പതിവാണ്. വാൽപ്പാറ പ്രദേശത്ത് പകൽനേരങ്ങളിലും തേയിലക്കാടുകളിൽ കരടികളെ കാണാം. മലക്കപ്പാറയിൽ നിന്ന് വാൽപ്പാറയിലേയ്ക്കു പോകുന്ന അപ്പർ ഷോളയാർ, മുഡീസ് എന്നീ രണ്ടു സഞ്ചാരപഥങ്ങളിലും കരടികളുടെ സാമിപ്യമുണ്ട്. പലയിടത്തും ആളുകൾക്കുനേരെ ഇവയുടെ ആക്രമണങ്ങളുമുണ്ടായി. കാലടി, മലയാറ്റൂർ, ഭൂതത്താൻകെട്ട്, കോടനാട്, ഇടമലയാർ, കുട്ടമ്പുഴ എന്നിവിടങ്ങളും കരടികളുടെ വിഹാരകേന്ദ്രങ്ങളാണ്. വാഴച്ചാലിലും ഇവയുടെ സാന്നിദ്ധ്യുണ്ട്.
ഏറ്റവും അപകടകാരികൾ
വന്യമൃഗങ്ങളിൽ ഏറ്റവും അപകടകാരികളാണ് കരടികളെന്ന് വനപാലകർ പറയുന്നു. ഇവയെ കണ്ടാൽ ഓടി രക്ഷപ്പെടുക തന്ന വേണം. കരടികളുടെ പിടിയിൽ അകപ്പെട്ടാൽ രക്ഷപ്പെടൽ എളുപ്പമല്ല. കൈകാലുകളിലെ നഖങ്ങൾ ആഴത്തിൽ മനുഷ്യശരീരത്തിൽ ഇറങ്ങുന്നത് ആന്തരീകാവയവങ്ങളെ മാരകമായി മുറിവേൽപ്പിക്കും. ഒപ്പം മൂർച്ചയേറിയ പല്ലുകളാലും എതിരാളികളെ ആക്രമിക്കും. 20 മീറ്റർ ദൂരെ നിന്ന് കരടികൾ ഓടിയെത്തി മനുഷ്യരെ ആക്രമിക്കുമെന്നാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. മനുഷ്യരെ കണ്ടാൽ ഓടിപ്പോകുന്ന മൃഗമല്ല കരടി. ആൾക്കൂട്ടമായാലും അവ കൈയിൽ കിട്ടുന്ന ആളെ വെറുതെ വിടില്ല. കടുവയാണെങ്കിൽ പോലും ആളുകളെ കണ്ടാൽ ഓടിപ്പോകുന്ന പ്രവണതയുണ്ടെന്ന് വനപാലകർ ചൂണ്ടിക്കാട്ടുന്നു. ഒറ്റയ്ക്കും കൂടുതൽ എണ്ണമായും കരടികൾ ആക്രമണങ്ങൾ നടത്തും. വിനോദസഞ്ചാരത്തിന് എത്തുന്നവർ കരടിയുടെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.