തൃപ്രയാർ: ഷവർമ ഓർഡർ ചെയ്തത് കിട്ടാൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരന് നേരെ ആക്രമം. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി ചിന്ന വീട്ടിൽ നൗഫൽ(25), ചൂലൂർ വലിയകത്ത് ആഷിക് (27), ചെന്ത്രാപ്പിന്നി പള്ളിപ്പറമ്പിൽ ഷാഹിൽ (23) എന്നിവരാണ് പിടിയിലായത്. എടമുട്ടത്തെ മല്ലൂസ് മക്കാനി ഹോട്ടലിലായിരുന്നു ആക്രമണം. ഹോട്ടലുടമ പോക്കാക്കില്ലത്ത് മുഹ്‌സിൻ, മറ്റ് ജീവനക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. പിടിയിലായ നൗഫൽ ഈ വർഷം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി പിടിയിലായ ആളാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം വലപ്പാട് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ, എസ്.ഐമാരായ എബിൻ, ആന്റണി ജിംബിൾ, സി.പി.ഒമാരായ ശ്യാം, സുബൈർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.