മാള: കെ.കരുണാകരൻ സ്മാരക ഫാമിലി ഹെൽത്ത് സെന്ററിൽ (എഫ്.എച്ച്.സി) സായാഹ്ന ഒ.പി പ്രവർത്തനം ആരംഭിച്ചു. ഇതോടെ വൈകിട്ട് ആറുവരെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. പ്രതിദിനം 600ൽപ്പരം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് കാരണം ചികിത്സ വൈകുന്നത് പതിവായിരുന്നു. ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാവുകയാണ് പുതിയ സംവിധാനം. തനത് വരുമാനമോ, എച്ച്.എം.സി ഫണ്ടോ ഉപയോഗിച്ച് മാത്രമേ ഡോക്ടറെ നിയമിക്കാൻ സാധിക്കുമായിരുന്നുള്ളൂ. പരിമിതമായ എച്ച്.എം.സി ഫണ്ടും അഞ്ച് വർഷമായി ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാത്തതും നിയമനത്തിന് തടസമായിരുന്നു. ഡയാലിസിസ് പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ തനത് വരുമാനത്തിൽ 25 ലക്ഷം രൂപ നീക്കിവച്ചതിനാൽ ഫണ്ട് കണ്ടെത്തുന്നത് വെല്ലുവിളിയായി. ഒടുവിൽ, ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയും മാള പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപയും വകയിരുത്തി സമർപ്പിച്ച പ്രൊജക്ടിന് അനുമതി ലഭിച്ചതോടെയാണ് നിയമനം സാധ്യമായത്. എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഈ സായാഹ്ന ഒ.പി. നാല് ഡോക്ടർമാരുണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ

പുതിയൊരു ഡോക്ടർ കൂടി വന്നതോടെ ഡോക്ടർമാരുടെ എണ്ണം അഞ്ചായി. കൂടാതെ ഒരു ഡെന്റൽ ഡോക്ടറും ഇവിടെ സേവനത്തിനുണ്ട്. ഔദ്യോഗിക യോഗങ്ങൾ, പരിശീലന പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, വി.ഐ.പി ഡ്യൂട്ടികൾ, പോസ്റ്റ്‌മോർട്ടം തുടങ്ങിയ സേവനങ്ങൾക്കായി ഡോക്ടർമാർ പോകുമ്പോൾ പലപ്പോഴും ഒപിയിൽ രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിച്ചിരുന്നത്. ഇതുകാരണം മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നിരുന്ന രോഗികൾക്ക് പുതിയ ഡോക്ടറുടെ നിയമനം വലിയ ആശ്വാസമാകും.