prethishedham

കൊടുങ്ങല്ലൂർ : നഗരസഭ പ്രദേശത്തെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് നിറുത്തുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. തിരുവഞ്ചിക്കുളം, ആനാപ്പുഴ, കണ്ടംകുളം, പുല്ലൂറ്റ് നോർത്ത് എന്നിവിടങ്ങളിലാണ് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഇതിൽ തിരുവഞ്ചിക്കുളം ഓഫീസ് പ്രവർത്തനം ഇന്നലെ അവസാനിപ്പിച്ചു. മറ്റുള്ളവ പൂട്ടാനുള്ള ഒരുക്കത്തിലാണ്.
ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ടിന്റെ കീഴിലുള്ള നഗരസഭ പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളാണ് പൂട്ടാൻ നിർദ്ദേശം നൽകിയത്. ഇതുപ്രകാരം ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസും അടച്ചുപൂട്ടും. ഏഴ് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ആനാപ്പുഴ പോസ്റ്റ് ഓഫീസ് നിറുത്തലാക്കാനുള്ള നീക്കം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സമരപ്രഖ്യാപന ധർണ നടത്തി.

നഗരസഭ കൗൺസിലർ കെ.എ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിദായിനി സഭാ സെക്രട്ടറി ഇ.എൻ.രാധാകൃഷ്ണൻ, കല്യാണദായിനി സഭ പ്രസിഡന്റ് തങ്കരാജ് ആനാപ്പുഴ, പണ്ഡിറ്റ് കുറുപ്പൻ വായനശാല സെക്രട്ടറി യു.ടി.പ്രേംനാഥ്, പി.എ.ജോൺസൺ, സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സി.എസ്.ശ്രീകുമാർ, ടി.കെ.ശക്തിധരൻ, മുരളീധരൻ ആനാപ്പുഴ, എസ്.എൻ.ഡി.പി യൂണിയൻ നേതാവ് ദിനിൽ മാധവ്, അമൃത യൂണിറ്റ് സെക്രട്ടറി സീതാദേവി, ശ്രീകുരുംബ ഭഗവതി ദേവസ്വം പ്രസിഡന്റ് പി.ബി.മുരളി മോഹൻ, പി.പി.അനിൽകുമാർ, കല്യാണദായിനി സഭ സെക്രട്ടറി കെ.എൻ.ജ്യോതിഷ്, കെ.എച്ച്.കലേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. കരയോഗം സെക്രട്ടറി എൻ.എൻ.ശ്രീകുമാർ അദ്ധ്യക്ഷനായി.

ബ്രാഞ്ച് പോസ്റ്റ് ഓഫീസ് നിറുത്തുന്നതിനെതിരെ എൽ.ഡി.എഫ് മേത്തല ഈസ്റ്റ് കമ്മിറ്റി എൽത്തുരുത്തിൽ ധർണ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി മുസ്താക് അലി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എ.ജോൺസൺ അദ്ധ്യക്ഷനായി. ടി.പി.പ്രഭേഷ്, സി.വി.ഉണ്ണികൃഷ്ണൻ, കെ.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ആനാപ്പുഴയിലും പ്രതിഷേധ ധർണ നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ആർ.ജൈത്രൻ ഉദ്ഘാടനം ചെയ്തു.