ചാലക്കുടി: ദേ വന്നു, ആളുകളെ മുൾമുനയിലാക്കാൻ, ദാ പോയി ഒരു കുഴപ്പവുമില്ലാതെ. മിന്നൽ വേഗത്തിൽ രൂപംകൊണ്ട തേനീച്ചക്കൂടാണ് ആനമല ജംഗ്ഷനിൽ മണിക്കൂറോളം പരിഭ്രാന്തി പരത്തി ജനത്തെ മുൾമുനയിൽ നിറുത്തിയത്. പതിനായിരക്കണക്കിന് തേനീച്ചകളുടെ സംഗമത്തിൽ ഭീമാകാര അവസ്ഥയിലായ കൂട് അഗ്നിശമന വിഭാഗത്തിന്റെ ഇടപെടലിനെ തുടർന്ന് പരിചയ സമ്പന്നരായവരുടെ നേതൃത്വത്തിൽ എടുത്തുമാറ്റുകയായിരുന്നു. ജനത്തിരക്കേറിയ ആനമല ജംഗ്ഷനിലെ ജുമാ മസ്ജിദ് കോംപ്ലക്‌സിന്റെ മുകളിലെ നിലയിലായിരുന്നു ഉച്ചയോടെ തേനീച്ചക്കൂട് വളർന്നത്. അറേബ്യ ട്രാവൽസ് എന്ന സ്ഥാപനത്തിൽ ഷട്ടറിനു മുകളിലായിരുന്നു തേനീച്ചകളെ ആദ്യം കണ്ടത്. ഓരോ മണിക്കൂറുകൾ പിന്നിടുമ്പോൾ ആയിരക്കണക്കിന് തേനീച്ചകൾ പറന്നെത്തി കൂടിനു വലിപ്പം കൂട്ടി കൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ കടയുടെ അകത്തുണ്ടായിരുന്ന മുനീർ എന്ന യുവാവിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. ഷട്ടറിന്റെ ഒരറ്റം മുതൽ മറുഭാഗം വരെ ഇതിനകം തേനീച്ചക്കൂട് വ്യാപിച്ചു. തൊട്ടടുത്ത കട ഉടമകളായ എ.ഡി.സാബു, കിരൺ എന്നിവർ മഴക്കോട്ടും ഹെൽമറ്റും ധരിച്ച് അകത്തു കടന്നാണ് മുനീറിനെ രക്ഷപ്പെടുത്തിയത്. ഇയാളെയും രക്ഷാകവചം അണിയിച്ചിരുന്നു. തേനീച്ചപ്പേടിയിൽ കെട്ടിടത്തിലെ മറ്റു സ്ഥാപനങ്ങളും അടച്ചിട്ടു. നേരം ഇരുട്ടിയതോടെയാണ് തേനീച്ചക്കൂട് പറിച്ചെടുക്കാൻ നടന്നത്. ഇതിനു മുന്നോടിയായി സമീപത്തെ കടകളിലെ ലൈറ്റുകളെല്ലാം അണച്ചു. രാത്രി ഏഴ് മണിയോടെയാണ് തേനീച്ചകളെ പൂർണമായും നീക്കം ചെയ്തത്.