എരുമപ്പെട്ടി : കേരള യൂത്ത് ഗൈഡൻസ് മുവ്‌മെന്റിന്റെ 2025ലെ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാലിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഡോ.രാജൻ വർഗീസ്, പ്രൊഫ. എം.കെ.രാമചന്ദ്രൻ, ജെ.ഉഷ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് നിർണയിച്ചത്. മാതൃകാപരവും വികസനോന്മുഖവുമായ പ്രവർത്തനങ്ങൾ, പൊതുജന അംഗീകാരം, അഴിമതി രഹിത പ്രവർത്തനം, നേതൃപാടവം, പ്ലാൻ ഫണ്ടിന്റെ വിനിയോഗം എന്നിവയാണ് അവാർഡിന് അർഹനാക്കിയത്. പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റും സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമാണ്. എരുമപ്പെട്ടി പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടോദ്ഘാടന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അഡ്വ. സേവ്യർ പാലാട്ടി, സോണി തോമസ്, കെ.പി.ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.