traffic-block
ദേശീയപാതയിൽ ചാലക്കുടി പുഴമ്പാലത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

ചാലക്കുടി: തുടർച്ചയായി നാലാം ദിവസവും ഗതാഗത കുരുക്കിൽപ്പെട്ട് ദേശീയപാത. ചാലക്കുടി ടൗൺ, മുരിങ്ങൂർ, കൊരട്ടി, പേരാമ്പ്ര തുടങ്ങീ എല്ലായിടത്തും ഒരുപോലെ വാഹനങ്ങൾ നിരത്തിൽ കുടുങ്ങിക്കിടന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ അനുഭവപ്പെട്ട ഗതാഗത സ്തംഭനമാണ് വ്യാഴാഴ്ചയോടെ അതിരൂക്ഷമായത്. തൃശൂർ-എറണാകുളം റൂട്ടിലായിരുന്നു ഏറെയും ഗതാഗത സ്തംഭനം. പുലർച്ചെ മുതൽ നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ കിടന്നു. നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളും മണിക്കൂറുകളോളം റോഡുകളിൽ കിടന്നു. യാത്രക്കാർ നട്ടം തിരിഞ്ഞു. ചാലക്കുടിയിൽ നിന്ന് മേലൂർ വെട്ടുകടവ് പാലം വഴി കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം വലിയ വാഹനങ്ങളെ ഇന്നലെ കടത്തിവിട്ടു. സാധാരണ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന് ചെറിയ വാഹനങ്ങളെ മാത്രമേ മേലൂർ റോഡ് കൂടി തിരിച്ചു വിടാറുള്ളു. പക്ഷേ ഇതൊന്നും ഗതാഗതക്കുരുക്കിന് തെല്ലും ശമനമുണ്ടാക്കിയില്ല. എല്ലാ മേൽപ്പാലങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. ഇതോടൊപ്പം സർവീസ് റോഡുകളിലും ഗതാഗത സ്തംഭനം അനുഭവപ്പെട്ടു. പ്രധാന സ്ഥലങ്ങളിൽ പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചിരുന്നു.