കൊട്ടേക്കാട് : കോലഴി പഞ്ചായത്തിൽ ആട്ടോർ തിരൂർ റോഡിൽ പോട്ടോർ വേലുക്കുട്ടി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. ഭൂമിക്ക് നഷ്ടപരിഹാരം നൽകിയുള്ള 7.46 കോടിയുടെ ഭൂമി ഏറ്റെടുക്കലിന് കളക്ടറുടെ ഉത്തരവായി. ഗുണഭോക്താക്കളായ 33 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അവാർഡ് തുക കൈമാറും. കെ റെയിൽ ഭൂമി ഏറ്റെടുക്കലിനായി 9.47 കോടി കെട്ടിവെച്ചിരുന്നു. ഭൂമിയുടെ വിലയോടൊപ്പം നൂറ് ശതമാനം നഷ്ടപരിഹാരം കൂടി ഉൾപ്പെടുന്നതാണ് ഭൂമി ഏറ്റെടുക്കൽ അവാർഡ്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ കാലതാമസം കൂടാതെ നിർമ്മാണ പ്രവർത്തനമാരംഭിക്കും. മേൽപ്പാലത്തിൽ 7.5 മീറ്റർ വീതിയിൽ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടും. സ്‌റ്റെയർ കേസും കോൺക്രീറ്റ് ക്രാഷ് ബാരിയറും ഉണ്ടാകും. 19.35 കോടിയാണ് നിർമ്മാണച്ചെലവ്. നിർമ്മാണം പൂർത്തിയാകുന്നത് വരെ നിരന്തമായ ഇടപെടൽ തുടരുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വ്യക്തമാക്കി.