തൃശൂർ: വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 25ാം വാർഷികാഘോഷം തലക്കോട്ടുകര വിദ്യാ ക്യാമ്പസിൽ 16,17 തിയതികളിൽ നടക്കും. 16 ന് രാവിലെ 9.30ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ സാബു സൗമ്യൻ അദ്ധ്യക്ഷനാകും. വിദ്യയുടെ ഫൗണ്ടർ ചെയർമാൻ കെ.മുരളീധരൻ, ചീഫ് പാട്രൺ പി.കെ.അശോകൻ, സെക്രട്ടറി മനു രഘുരാജൻ എന്നിവർ പങ്കെടുക്കും. 'വിദ്യാചരിത്രം' പ്രകാശനം സുരേഷ് ഗോപി നിർവഹിക്കും. ഡയറക്ടർമാരേയും ഉപദേശകസമിതി അംഗങ്ങളേയും പ്രിൻസിപ്പൽമാരേയും ട്രസ്റ്റിലെ സീനിയർ മെമ്പേഴ്‌സിനെയും ചടങ്ങിൽ ആദരിക്കും. ദിവംഗതരായ ട്രസ്റ്റികളെ അനുസ്മരിക്കുന്ന ചടങ്ങും ഉണ്ടാകും.
17 ന് വിദ്യ യൂത്ത് ഡേ ആഘോഷിക്കും. ഒരു കൂട്ടം പ്രവാസി മലയാളികളുടെ സ്വപ്നത്തിൽ നിന്നായിരുന്നു വിദ്യയുടെ ആരംഭം. ശ്രീനാരായണ ഗുരുദേവന്റെ 'സംഘടന കൊണ്ട് ശക്തരാകുക', 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്നീ മഹത്തായ സന്ദേശങ്ങളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് രൂപം കൊടുത്ത പ്രവാസി കൂട്ടായ്മയാണ് വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ്. വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെ സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള ദീർഘവീക്ഷണത്തോടെ അവർ ഒരേ മനസോടെ ഒത്തുചേരുകയായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കുക, പരസ്പര വിശ്വാസം, സാമൂഹ്യസേവനം എന്നിവയാണ് ട്രസ്റ്റിന്റെ അടിസ്ഥാനമൂല്യങ്ങൾ.
2000 സെപ്തംംബറിൽ തിരുവനന്തപുരത്താണ് വി.ഐ.സി.ടി. രജിസ്റ്റർ ചെയ്തത്. 11 വ്യക്തികളുടെ കൂട്ടായ്മയിൽ ആരംഭിച്ച ട്രസ്റ്റിന് ഇന്ന് 1175 അംഗങ്ങളുണ്ട്. ഡിജിറ്റൽ, ഐ.ടി നൈപുണ്യ വികസനത്തിനായി 2001ൽ ആരംഭിച്ച വിദ്യാ ട്രെയിനിംഗ് ആൻഡ് ഡെവലപ്പമെന്റ് സെന്ററായിരുന്നു തുടക്കം. വിദ്യ ട്രസ്റ്റ് വളരെ വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റാണ്. വിവിധ മേഖലകളിൽ റീജ്യണലുകളായി തിരിച്ച് ഫാമിലി യൂണിറ്റുകൾ പ്രവർത്തിക്കുന്നു. അംഗങ്ങൾക്ക് പരസ്പരം സഹായ സഹകരണങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം അവരുടെ ക്ഷേമത്തിനായും പ്രവർത്തിക്കുന്നു.
സാമ്പത്തികമായി പിന്നാക്കമായ 6,300 ൽ അധികം വിദ്യാർത്ഥികൾക്ക് 91.5 കോടിയിലേറെ രൂപ സ്‌കോളർഷിപ്പായി നൽകിയിട്ടുണ്ട്. രണ്ട് എൻജിനീയറിംഗ് കോളേജുകളിലൂടെയും ഒരു ഐ.ടി പരിശീലന കേന്ദ്രത്തിലൂടെയുമാണ് വിദ്യയുടെ ലക്ഷ്യങ്ങൾ സഫലമാക്കിയത്. നാക് അക്രഡിറ്റേഷനും എ.ഐ.സി.ടി.ഇ അംഗീകാരവും രണ്ടു കോളേജുകളിനുമുണ്ട്. 2003ൽ 240 വിദ്യാർത്ഥികളുമായി നാല് എൻജിനീയറിംഗ് ശാഖകളിൽ പ്രവർത്തനം ആരംഭിച്ച തലക്കോട്ടുകര വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഇന്ന് 2200ലധികം വിദ്യാർത്ഥികളുണ്ട്. ഇവിടെ 2024 - 25 ൽ മാത്രം 430ൽ അധികം ജോബ് ഓഫറുകളുണ്ടായി. 5000ൽ അധികം ജോബ് ഓഫറുകളാണ് മൊത്തം നൽകിയത്. 128ൽ ഏറെ പരിചയസമ്പന്നരായ അദ്ധ്യാപകരുണ്ട്. ആറ് ശാഖകളിൽ ബി.ടെക് കോഴ്സുകളും എം.ടെക്, എം.സി.എയും എൻജിനീയറിംഗിലെയും ഗണിതശാസ്ത്രത്തിലെയും പി.എച്ച്.ഡി പ്രോഗ്രാമുണ്ട്. 2013ൽ കിളിമാനൂരിൽ ആരംഭിച്ച വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസിൽ നാല് ബി.ടെക് കോഴ്സുകളാണുള്ളത്.