night-life

തൃശൂർ: സാംസ്‌കാരിക നഗരിയിൽ 'സുരക്ഷിതമായ രാത്രി ജീവിതം' എന്ന ലക്ഷ്യവുമായി ചാറ്റൽ മഴ പെയ്തുനിന്ന സ്വാതന്ത്ര്യപ്പുലരി വരെ നീണ്ട കൂട്ടയോട്ടം. ബിനി ഹെറിറ്റേജിന് മുമ്പിൽ നിന്നും തുടങ്ങി പെരിങ്ങാവ് ചുറ്റി സ്വരാജ് റൗണ്ടിലൂടെ സെന്റ് തോമസ് കോളേജ് വഴി കിഴക്കെക്കോട്ടയിൽ നിന്നും ഇക്കണ്ടവാര്യർ റോഡിലൂടെ ശക്തനിലെ ആകാശ നടപ്പാതയ്ക്ക് താഴേക്കൂടി മുനിസിപ്പൽ റോഡിലേക്കും പിന്നീട് സ്വരാജ് റൗണ്ട് ചുറ്റി തുടങ്ങിയേടത്ത് തന്നെ സമാപനം.
രാത്രി പത്തരയ്ക്ക് തുടങ്ങി പുലർച്ചെ 12.05 ഓടെ അവസാനിച്ച കൂട്ടയോട്ടത്തിൽ കളക്ടർ അർജുൻ പാണ്ഡ്യനും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക പ്രേമികളും അത്‌ലറ്റുകളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. സേഫ് നൈറ്റ് ലൈഫ് എന്ന ആശയവുമായി പത്തുകിലോമീറ്ററിലേറെ ദൂരം ഓടുന്നവരിൽ 20 ഓളം വനിതകളും പങ്കെടുത്തു. കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ മുഖ്യാതിഥിയായി. സിറ്റി പൊലീസ് കമ്മിഷണറും കളക്ടറോടൊപ്പം കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

സ്വാതന്ത്ര്യദിനത്തലേന്ന് നടത്തിയ കൂട്ടയോട്ടം ആവേശകരമായിരുന്നു. അടുത്ത വർഷം ജനുവരി 25ന് നടക്കുന്ന തൃശൂർ കൾച്ചറൽ കാപ്പിറ്റൽ ഫുൾ മാരത്തണിന്റെ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിന്റെ കൂടി ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
-അർജുൻ പാണ്ഡ്യൻ, കളക്ടർ