1
1

കൊടുങ്ങല്ലൂർ : കടൽമാക്രികളും കടലിന്റെ അടിത്തട്ടിലെ പാറയും മത്സ്യത്തൊഴിലാളികൾക്ക് വെല്ലുവിളി. അഴീക്കോട് പടിഞ്ഞാറ് കടലിൽ മാക്രികൾക്ക് പുറമേ കടലിന്റെ അടിത്തട്ടിലെ പാറയും വിനയാകുന്നു. മത്സ്യക്കൂട്ടത്തെ കണ്ട് വലയെറിഞ്ഞ് വളയുമ്പോൾ പാറയിൽ ഉടക്കി വല നശിക്കുന്നു. ഒപ്പം കൂട്ടത്തോടെയെത്തുന്ന കടൽമാക്രികൾ വല മുറിച്ച് നശിപ്പിക്കുന്നു.

മാക്രികൾ മൂർച്ചയേറിയ പല്ല് ഉപയോഗിച്ച് കൂട്ടമായി വല കടിച്ചു മുറിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. വലയിലായ മീൻ പോലും കരയിലേക്കെത്തിക്കാൻ കഴിയാതെ കടലിൽ നഷ്ടപ്പെടുകയാണ്. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്ക് കനത്ത സാമ്പത്തിക- തൊഴിൽ ദിന നഷ്ടമുണ്ടാകുന്നു. കഴിഞ്ഞദിവസം അഴീക്കോട് നിന്നും മത്സ്യബന്ധനത്തിന് പോയ 48 തൊഴിലാളികൾ ജോലി ചെയ്തിരുന്ന ആഞ്ജനേയൻ എന്ന ഇൻബോർഡ് വള്ളത്തിന്റെ ആയിരം കിലോ വരുന്ന വല ഇതു മൂലം നശിച്ചു.

മീൻകൂട്ടത്തെ കണ്ടെറിഞ്ഞ വല വലിക്കാൻ പറ്റാതെ പാറയിൽ ഉടക്കി. എത്ര ശ്രമിച്ചിട്ടും വല ഉയർത്താനായില്ല. മറ്റ് വള്ളത്തിലെ 50 തൊഴിലാളികൾ വല ഉയർത്തി. പക്ഷേ വല നശിച്ചു. പാറയിൽ ഉടക്കിയത് കൂടാതെ കടൽമാക്രികളും വല കടിച്ച് നശിപ്പിച്ചു. ഒരു കിലോ വലയ്ക്ക് 700 രൂപയാണ് വില. ഇതിനൊപ്പം റോപ്പും ഈയക്കട്ടികളും നഷ്ടപ്പെട്ടു. വലിപ്പം കുറവാണെങ്കിലും കടൽമാക്രികളുടെ ആക്രമണം ശക്തമാണ്. മീനുകളെ ഭക്ഷിക്കാനായി വരുന്ന ഈ ജീവികൾ വല നശിപ്പിക്കുകയാണ്. കാലാവസ്ഥയിലും കടലിലെ ആവാസ വ്യവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളാണ് കടൽ മാക്രികൾ വർദ്ധിക്കുന്നതിന് കാരണം. ശരീരത്തിലാകെ മുള്ളുകളുള്ളവയാണിത്. ഇവർ കൂട്ടത്തോടെ വലയിൽ അകപ്പെട്ടാൽ വല മുഴുവനായും നശിക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.