ചാലക്കുടി: ഇരുണ്ട ആകാശവും ഇടവിട്ട് കോരിച്ചൊരിയുന്ന കനത്ത മഴയും. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം 2018ലെ മഹാപ്രളയത്തിന്റെ ഓർമ്മകളിലേയ്ക്കുള്ള മടക്കയാത്രയായി. ഇന്നലെ മുതൽ പലപ്പോഴും മഴ കോരിച്ചൊരിയുകയായിരുന്നു. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 4 മീറ്ററിലേയ്ക്ക്, പെരിങ്ങൽക്കുത്ത് ഡാമിന്റെ എമർജൻസി ഗേറ്റ് തുറക്കൽ, മുകളിലെ മറ്റു ഡാമുകളെല്ലാം നിറഞ്ഞുകിടക്കുന്ന അവസ്ഥ. ജനങ്ങൾ ഭീതിയുടെ ആഴത്തിലെത്താൻ വേറെന്തു വേണം? മഴ ഇനിയും കനക്കുമെന്ന് മുന്നറിയിപ്പും. വീണ്ടുമൊരു പ്രളയ ദുരിതമുണ്ടാകുമെന്ന്് ചാലക്കുടിക്കാരുടെ ആശങ്കയെ എങ്ങനെ തള്ളിക്കളയും.
മഹാപ്രളയത്തിന്റെ ഇരുണ്ട ഓർമ്മകൾക്ക് ഏഴാണ്ട് തികയുകയാണ്. അന്ന് ഏറെ നാശമുണ്ടായത് ചാലക്കുടി നഗരസഭയുടെ പുഴയോരം പ്രദേശങ്ങളും പരിയാരം, മേലൂർ, കാടുകുറ്റി പഞ്ചായത്തുകളുമായിരുന്നു. മേലൂരിലെ ഡിവൈൻ ലഹരിമുക്ത കേന്ദ്രത്തെ മുക്കിയ പ്രളയത്തിൽ നൂറോളം രോഗികളുടെ ജീവൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പടിഞ്ഞാറെ ചാലക്കുടിയിൽ വീട് ഇടിഞ്ഞുവീണ് നഗരത്തിലെ വ്യാപാരിയും അമ്മയും മരിച്ചത് പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മയാണ്. വെട്ടിക്കുഴിയിൽ ഉരുൾപ്പൊട്ടലിൽ വീട്ടമ്മയുടെ മരണവും സ്വകാര്യ ബസ് ജീവനക്കാരൻ മുരിങ്ങൂരിൽ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടമായതും കണ്ണീരോർമ്മകൾ. ചാലക്കുടിപ്പുഴയിലെ വെറ്റിലപ്പാറ പാലം ഭാഗികമായി തകർന്നതും വെട്ടുകടവ് പാലത്തിനു മുകളിലൂടെ കാട്ടിലെ തടികൾ അടക്കം ഒഴുകിയതും ഉൾക്കിടിലം കൊള്ളിച്ചു. നഗരത്തിലും ദേശീയപാതയിലും വെള്ളം കയറി. മഹാദുരന്തവും കെടുതികളും രക്ഷാപ്രവർത്തനവുമെല്ലാം വരുംതലമുറയുടെ ഓർമ്മയിലേക്ക് പകരാൻ കാടുകുറ്റി പഞ്ചായത്തിലെ അന്നനാട്, പരിയാരത്തെ കാഞ്ഞിരപ്പിള്ളിയിലും സ്തൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
ഏറെ ഭീഷണി നേരിട്ടത് വെട്ടുകടവ് പാലത്തിന്
പ്രളയത്തിൽ വലിയ ഭീഷണി നേരിട്ടതും നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രവുമായിരുന്നു വെട്ടുകടവ് പാലം. ഇതിന്റെ തൂണുകളിൽ പുഴയിലൂടെ ഒഴുകിയ മരങ്ങൾ തടഞ്ഞു നിന്നു. ഒടുവിൽ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി. മരത്തടികൾ പലതും റോഡിലുമെത്തി. പാലം തന്നെ ഒലിച്ചു പോകുമോയെന്ന പേടിയുമുണ്ടായി. പിന്നീട് ഇവിടം കേന്ദ്രീകരിച്ച് നടന്നത് വിലമതിക്കാനാകാത്ത രക്ഷാപ്രവർത്തനം. ട്രൗസറും ബനിയനുമിട്ട് കൊച്ചുവള്ളത്തിൽ മേലൂരിലാകെ തുഴഞ്ഞ് നിരവധി പേരുടെ ജീവൻ രക്ഷിച്ച വി.ഡി.തോമസിന് ഇക്കുറിയിലെ മഴപെയ്ത്തിൽ ആശങ്കയുണ്ട്. വെട്ടുകടവ് പാലത്തിന് മുകളിൽ വച്ച് അന്നത്തെ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്് സ്ഥിരം സമിതി അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം പ്രളയത്തിന്റെ ഓർമ്മകൾ വിവരിച്ചു.