പെരിങ്ങോട്ടുകര : ഐ.എസ്.ഒ 9001: 2015 ലഭിച്ചതോടെ താന്ന്യം പഞ്ചായത്ത് കുടുംബശ്രീ സേവനങ്ങളെല്ലാം ഞൊടിയിടയിൽ ലഭിക്കും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും ഓഫീസ് സംവിധാനം വിപുലീകരിച്ചും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുക്കാൻ ജില്ലയിൽ നിന്ന് അമ്പതിലേറെ കുടുംബശ്രീ സി.ഡി.എസുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഐ.എസ്.ഒ അംഗീകാരം നേടുന്നതോടെ കുടുംബശ്രീ ഓഫീസുകളിൽ ചെയർപേഴ്‌സണിന് പ്രത്യേക കാബിൻ, അക്കൗണ്ട്, മറ്റ് അംഗങ്ങൾ ഇരിക്കാനുള്ള അടിസ്ഥാന സൗകര്യം എന്നിവ ഒരുക്കും. സംസ്ഥാന കുടുംബശ്രീ മിഷൻ ഓരോ സി.ഡി.എസിനും 40,000 രൂപ നൽകും. പദ്ധതി നടത്തിപ്പ് കിലയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി കിലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് താന്ന്യം കുടുംബശ്രീക്ക് ഐ.എസ്.ഒ അംഗീകാരം നൽകിയത്. ഐ.എസ്.ഒ ലീഡ് ഓഡിറ്റർ പ്രേമാനന്ദിൽ നിന്ന് പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്‌സൺ സുജിത നിരേഷ്, മെംബർ സെക്രട്ടറി ടി.ജി.സുനിൽ എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
3 മിനിറ്റിനുള്ളിൽ ഫയൽ
സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന തരത്തിൽ ഫയലുകൾ മൂന്ന് മിനിറ്റിനുള്ളിൽ ഇനി താന്ന്യം കുടുംബശ്രീയിൽ നിന്നും ലഭിക്കുന്ന തരത്തിലുള്ള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. പതിനെട്ട് വാർഡുകളിലായി 256 അയൽക്കൂട്ടം, 3,950 അംഗങ്ങൾ, 94 വ്യക്തിഗത സംരംഭങ്ങളും 13 ഗ്രൂപ്പ് സംരംഭങ്ങളുമടക്കം 107 യൂണിറ്റാണുള്ളത്.
അയൽക്കൂട്ടങ്ങളിലെ എല്ലാ അംഗങ്ങളുടെ പിന്തുണ കൊണ്ടാണ് താന്ന്യം കുടുംബശ്രീക്ക് ഈ നേട്ടം കൈവരിക്കാനായത്. മെമ്പർ സെക്രട്ടറി, സി.ഡി.എസ് ഭരണസമിതി, അക്കൗണ്ടന്റ്, ബ്‌ളോക്ക് കോ ഓഡിനേറ്റർമാർ, കമ്മ്യൂണിറ്റി കൗൺസിലർ, ജില്ലാ മിഷൻ എല്ലാവരുടെയും പിന്തുണയും ലഭിച്ചു.
സുജിത നിരേഷ്
താന്ന്യം കുടുംബശ്രീ ചെയർപേഴ്‌സൺ