kplm
മതിലകം ഗ്രാമപഞ്ചായത്ത് ആരംഭിച്ച ജലസാക്ഷരത പദ്ധതിയിലൂടെ നീന്തലിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന കുരുന്നുകൾ പരിശീലകർക്കും മറ്റു്മൊപ്പം

കയ്പമംഗലം: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ആരംഭിച്ച ജലസാക്ഷരത പദ്ധതി നാടും നാട്ടാരും ഏറ്റെടുത്തു. മതിലകം പഞ്ചായത്തിന്റേതാണ് ജലസാക്ഷരതാ പദ്ധതി. നാലുവർഷം മുൻപ് ആരംഭിച്ച ഈ പദ്ധതിയിലൂടെ ആയിരത്തോളം കുട്ടികളാണ് നീന്തൽ പരിശീലനം നേടിയത്. കുട്ടികൾക്ക് വെള്ളത്തിനോടുള്ള ഭയം ഇല്ലാതാക്കുന്നതിനോടൊപ്പം വെള്ളത്തിൽ വീണുള്ള അപകടങ്ങൾ കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 2019ൽ ആരംഭിച്ച പദ്ധതി കോവിഡ് മൂലം ഇടക്കാലത്ത് നിലച്ചുപോയിരുന്നു. 2020ൽ പുതിയ ഭരണസമിതി വന്നതിനുശേഷം പദ്ധതി പുനരാരംഭിച്ച് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരു വർഷം ഒരു ലക്ഷം രൂപ വകയിരുത്തി പഞ്ചായത്ത് പരിധിയിലെ അഞ്ച് ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് നീന്തൽ പരിശീലനം നിലവിൽ നൽകുന്നത്. 20 വർഷമായി നീന്തൽ പരിശീലന രംഗത്ത് സജീവമായിട്ടുള്ള ഹരിലാൽ കൊമ്പിടിയുടെ നേതൃത്വത്തിൽ ബിജുമോൻ, സോണി, മുരളി, നവീൻ, ജിനേഷ് എന്നിവരടങ്ങിയ ടീമാണ് പരിശീലനം നടത്തുന്നത്. രാവിലെ ആറ് മുതൽ എട്ട് വരെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പോളക്കുളത്തിലാണ് പരിശീലനം. 10 ദിവസമാണ് പരിശീലന കാലവധി. പരിശീലനത്തിന് ശേഷം പോഷകാഹാരവും പഞ്ചായത്ത് നൽകുന്നുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകി വരുന്നുണ്ട്.