thumboormuzhi
തുമ്പൂർമുഴി തൂക്കുപാലത്തിലൂടെ മഴക്കോട്ട് ധരിച്ച് നടക്കുന്ന വിനോദ സഞ്ചാരികൾ

അതിരപ്പിള്ളി: കനത്ത മഴയിലും തുമ്പൂർമുഴിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക്. അവധി ദിവസങ്ങളെ തുടർന്നാണ് നൂറു കണക്കിന് ആളുകൾ പാർക്കിൽ എത്തുന്നത്. വിനോദ സഞ്ചാരികൾ മഴക്കോട്ടും ധരിച്ച് തൂക്കുപാലത്തിലൂടെ നടക്കുന്നത് വർണ്ണക്കാഴ്ചയാണ്. പൂന്തോട്ടവും ചിത്ര ശലഭ പാർക്കും നാളുകളായി സംരക്ഷണമില്ലാതെ കിടക്കുന്നത് വിനോദ സഞ്ചാരികളെ നിരാശയിലാക്കുന്നുണ്ട്. പാർക്കിന്റെ നടത്തിപ്പ് ചുമതലയുള്ള ഡി.എം.സിയുടെ പ്രവർത്തനം നിശ്ചലമായത്് ഇതിന്റെ പേരും പെരുമയും ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇത്തവണ ഷോളയാറിലേയ്ക്കുള്ള മഴയാത്ര സംഘടിപ്പിക്കാനും കഴിഞ്ഞില്ല. മഴയും വെയിലുംകൊണ്ട് കിടക്കുന്ന വാഹനങ്ങൾ അറ്റകുറ്റ പണികൾ നടത്താത്തതാണ് കാരണം. ഇത്രയും അവഗണനയിൽ കുടക്കുമ്പോഴും അതിരപ്പിള്ളിയുടെ കവാടത്തിൽ കിടക്കുന്ന കുട്ടികളുടെ പാർക്കും ചാലക്കുടിപ്പുഴയിലെ ആർച്ച് ഡാമും ജനങ്ങളുടെ ആകർഷണ കേന്ദ്രമാണ്.