പ്രതിസന്ധിയിലായി കണ്ടക്ടർമാർ

കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി ബസുകളുടെ ഡോറുകൾ വലിച്ചടക്കാനും തുറക്കാനും ഉപയോഗിച്ചിരുന്ന കയർ നീക്കിത്തുടങ്ങി. ചീഫ് മെക്കാനിക്കൽ എൻജിനീയർ ഉത്തരവിനെ തുടർന്നാണ് നടപടി. ഡോർ ഹാൻഡിലുകളിൽ കെട്ടിയ കയറുകൾ യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന പരാതിയിലാണ് നടപടി. ഇന്ന് രാത്രിയോടെ എല്ലാ ബസുകളിലെ കയറും മുറിച്ചു മാറ്റും. ഇതോടെ രണ്ട് വാതിലുകൾ അടക്കാനും തുറക്കാനുമുള്ള ബുദ്ധിമുട്ടിലാണ് കണ്ടക്ടർമാർ. യാത്രക്കാർ തന്നെ ഡോർ അടച്ചാൽ കണ്ടക്ടറുടെ ബുദ്ധിമുട്ട് ഒഴിവാക്കാമെങ്കിലും കുട്ടികളുമായോ സാധനങ്ങളുമായോ ഇറങ്ങുന്നവർക്ക് ബുദ്ധിമുട്ടാകും. പുതിയ ബസുകളിൽ ഓട്ടോമാറ്റിക് ഡോറുകൾ ഏർപ്പെടുത്തുകയാണ് പ്രയോഗികമെന്ന് യാത്രക്കാർ പറയുന്നു.ബദൽ സംവിധാനമില്ലാതെ കയർ ഒഴിവാക്കാരുതെന്നാണ് കണ്ടക്ടർമാരുടെ നിലപാട്.

കണ്ടക്ടർമാർ ദുരിതത്തിൽ

മിക്ക ഓർഡിനറി ബസുകളിലും ഓട്ടോമാറ്റിക് ഡോർ സംവിധാനമില്ല. പഴക്കമുള്ള ബസുകളിൽ ഇവ കൂട്ടിച്ചേർക്കാനും സാധിക്കില്ല. ടിക്കറ്റ് കൊടുക്കുന്നതിനിടെ കണ്ടക്ടർക്ക് രണ്ട് ഡോറുകളും ശ്രദ്ധിക്കുക അപ്രായോഗികമാണ്. കെ.എസ്.ആർടിസി ബസുകളുടെ ഡോർ ഹാൻഡിലുകൾ താഴ്ന്നതായതിനാൽ ഡോറിന് സമീപത്ത് ഇരിക്കുന്നവർക്കും അടക്കാൻ ബുദ്ധിമുട്ടാകും. കൂടാതെ കയറില്ലാതെ വാതിലുകൾ തുറന്നുവിടുമ്പോൾ കൂടുൽ അപകടങ്ങൾക്കും കാരണമാകും.