അരിമ്പൂർ: നാലുവർഷം കൊണ്ട് 70 ടൺ മാലിന്യം ശേഖരിച്ച് അവ വേർതിരിച്ച് കയറ്റി അയച്ച് പണം സമ്പാദിച്ച് അരിമ്പൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേന. നാല് വർഷത്തിനുള്ളിൽ അരിമ്പൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നായി മാലിന്യം പെറുക്കി ശേഖരിച്ച് അത് വേർതിരിച്ച് കയറ്റി അയച്ച് ഹരിത കർമ്മ സേനാംഗങ്ങൾ സ്വരൂപിച്ചത് 12 ലക്ഷമാണ്. ഇതിൽ നിന്നും തുടക്ക വർഷത്തിൽ ഓണം ബോണസായി 5,000 രൂപയും, പിന്നീടുള്ള വർഷങ്ങളിൽ 13,000 രൂപയും, 18,000 രൂപയും, 2025 ലെ ഓണം ബോണസായി 15,000 രൂപ രണ്ട് ദിവസത്തിനുള്ളിൽ നൽകാനുള്ള ഒരുക്കത്തിലാണെന്ന് കൺസോർഷ്യം പ്രസിഡന്റ് രാജി മനോജും, സെക്രട്ടറി ധന്യ ഉണ്ണികൃഷ്ണനും പറഞ്ഞു. ഇവരുടെ ഈ കുതിപ്പിന് സൗകര്യങ്ങളൊരുക്കി പഞ്ചായത്ത് ഭരണസമിതി മുന്നിലുണ്ട്. മാലിന്യം ശേഖരിക്കുന്നതിന് രണ്ട് വാഹനങ്ങൾ, യൂണിഫോം, ഷൂ, സോക്‌സുകൾ, തൊപ്പി, സ്റ്റിക്, മാക്‌സ്, ഗ്ലൗസ്, മറ്റ് ടൂൾസുകൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യത്തിലും ഇവർ ബഹുദൂരം മുന്നിലാണ്.