ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിനെത്തിയ ആന ഇടഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊട്ടിലായ്ക്കാൽ ക്ഷേത്രനടയിൽ തൊഴുന്നതിനിടെയാണ് കുളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആന ഇടഞ്ഞത്. സമീപത്ത് നിന്നിരുന്ന അമ്പാടി മഹാദേവൻ എന്ന ആനയെ കുത്താൻ ശ്രമിക്കുകയും ഇരു ആനകളും തമ്മിൽ കൊമ്പ് കോർക്കുകയും ചെയ്തു. ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി പലർക്കും നിസാര പരിക്കേൽക്കുകയും ചെയ്തു. ഇടഞ്ഞ ആനയെ പാപ്പാൻമാർ തന്നെ തളച്ചു. ആനയുടെ പാപ്പാൻ ഷൈജുവിന് താഴെ വീണ് തോളിനു പരിക്കേറ്റു. ആനയ്ക്ക് 15 ദിവസത്തെ വകുപ്പ്തല നിരോധനം ഏർപ്പെടുത്തിയതായി ചാലക്കുടി സോഷ്യൽ ഫോറസ്റ്റ് ഓഫീസർ സൗമ്യ സി എസ് പറഞ്ഞു.