dd

തൃശൂർ: വിവിധ പരിപാടികളുടെ ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവസാന നിമിഷം യാത്ര റദ്ദാക്കി. മോശം കാലാവസ്ഥ, ഇടപ്പള്ളി മണ്ണുത്തി റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടങ്ങിയവയാണ് കാരണമെന്നു കരുതുന്നു. വ്യക്തിപരമായ കാരണം മൂലമാണ് നേരിട്ടെത്താതിരുന്നതെന്നാണ് കർഷക ദിനാഘോഷ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി വിശദീകരിച്ചത്. കർഷക ദിനാഘോഷം,സാഹിത്യ അക്കാഡമിയിൽ രാജ്യാന്തര സാഹിത്യോത്സവം ഉദ്ഘാടനം, ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ കുവൈത്ത് കലാ ട്രസ്റ്റ് പുരസ്‌കാര സമർപ്പണം എന്നിവയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടികൾ.
ശനിയാഴ്ച രാത്രി എട്ടരയോടെ തൃശൂരിലെത്തുമെന്നായിരുന്നു അറിയിപ്പ്. ഇതുപ്രകാരം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പാടാക്കിയെങ്കിലും വൈകിട്ടോടെ യാത്ര റദ്ദാക്കിയതായി വിവരം ലഭിക്കുകയായിരുന്നു.