ചാലക്കുടി: വെട്ടുകടവ് വികസന സമിതിയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ റോഡിലെ കുഴികളിൽ അലങ്കാര മത്സ്യങ്ങളെ നിക്ഷേപിച്ച് പ്രതിഷേധം. റോഡിലെ ഗർത്തങ്ങൾ അടയ്ക്കാൻ പലവട്ടം നിവേദനം നൽകിയിട്ടും നഗരസഭാ അധികാരികൾ മുഖം തിരിക്കുന്നതിൽ ക്ഷുഭിതരായാണ് നാട്ടുകാരുടെ വേറിട്ട സമരം. അധികൃതരോടുള്ള പ്രതിഷേധ സൂചകമായി പരിസരവാസികൾക്ക് മധുര പലഹാരവും വിതരണം ചെയ്തു. വെട്ടുകടവ് വികസനസമിതി പ്രസിഡന്റ് ഡെന്നി മൂത്തേടൻ റോഡിലെ കുഴികളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജോർജ് മങ്ങാടൻ, നിഷാന്ത് ഡി.കൂള, സോജോ സണ്ണി, ജോസ് മേനാച്ചേരി എന്നിവർ സംസാരിച്ചു.