boxkalvertt
കോൾ വികസനത്തിന് 51 തറയിലെ ബോക്സ് കൽവെർട്ട് യാഥാർത്ഥ്യമായി.

മുതുവറ : അടാട്ട് പഞ്ചായത്തിലെ 51 തറയിലെ പഴയ പാലം നവീകരിച്ച് ഡബിൾ സ്പാനോടെ നിർമ്മിച്ച ബോക്‌സ് കൽവെർട്ട് മന്ത്രി പി.പ്രസാദ് നാടിന് സമർപ്പിച്ചു. ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി.
നിലവിൽ രണ്ട് മീറ്റർ വീതിയുള്ള പാലം 1.21 കോടി രൂപ ചെലവഴിച്ച് 4.25 മീറ്റർ വീതിയിൽ കൈവരികൾ ഉൾപ്പെടെ നിർമ്മിച്ചാണ് നവീകരിച്ചത്. കടവിൽക്കോൾ, പായിക്കോൾ, തിരുത്തിൻത്താഴം, കുരുടൻ ആക്കറ്റാൻ, പുത്തൻകോൾ എന്നീ കോൾപ്പടവുകളുടെ വികസനത്തിനും അടാട്ട് മേഖലയിൽ നിന്നും മുല്ലശ്ശേരി, മണലൂർ, കാഞ്ഞാണി മേഖലകളിൽ തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ട് റോഡ് പരിസരവാസികളുടെ ഗതാഗതത്തിനും കോൾ ടൂറിസത്തിനും കോൾപ്പാടങ്ങളിൽ കാർഷിക യന്ത്രങ്ങൾ ഇറക്കുന്നതിനും അനുബന്ധ ഗതാഗത സൗകര്യങ്ങൾക്കും 51 തറയിലെ ബോക്‌സ് കൾവെർട്ട് ഗുണകരമാകും.
പുല്ലഴി തോടിന്റെ വലതു ബണ്ടിൽ 35.73 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ഡബിൾ സ്ലൂയിസ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. സ്ലൂയിസ് നിർമ്മാണം പൂർത്തീകരിക്കുന്നതിലൂടെ പഴയ പുഴയ്ക്കൽ തോട് അവസാനിക്കുന്ന ഭാഗത്ത് അധികജലം കടത്തിവിടുന്നതിന് സാധിക്കും. അടാട്ട് പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിലെയും സമീപ പ്രദേശത്തെയും വെള്ളക്കെട്ട് ഒഴിവാക്കാനാകും. പ്രദേശത്തെ കാർഷിക പ്രശ്‌നങ്ങളും ജനങ്ങൾ നേരിടുന്ന വെള്ളക്കെട്ടും ഗതാഗത പ്രശ്‌നങ്ങളും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്‌നത്തിന് ശ്വാശത പരിഹാരമായത്.
ചടങ്ങിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത്കുമാർ, വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്ത് സംസാരിച്ചു.