കല്ലൂർ : കെ.പി.സി.സിയോ ഡി.സി.സിയോ അറിയാതെ കോൺഗ്രസ് തൃക്കൂർ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ സ്ഥലം വിൽക്കാൻ നേതൃത്വം നൽകിയ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലൂർ ബാബു രാജിവച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും കോൺഗ്രസ് പ്രാഥമികാംഗത്വവുമാണ് രാജിവച്ചത്. തിരഞ്ഞെടുപ്പ് പ്രവർത്തനം, ഫണ്ട് സമാഹരണം എന്നിവ ആലോചിക്കാനായി മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡി.സി.സി, കെ.പി.സി.സി ഭാരവാഹികൾ എന്നിവരുടെ യോഗം നടക്കാനിരിക്കെയാണ് ഞായറാഴ്ച കല്ലൂർ ബാബു രാജി നൽകിയത്. സ്ഥലം വിൽപ്പനയെ സംബന്ധിച്ച് അന്വേഷിക്കണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 65-ഓളം അംഗങ്ങൾ കെ.പി.സി.സിക്ക് പരാതി നൽകി കാത്തിരിക്കുന്നതിനിടെയാണ് കല്ലൂർ ബാബുവിന്റെ രാജി.

കല്ലൂർ ബാബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷെന്നി ആന്റോ പനോക്കാരൻ, പോൾസൺ തെക്കുംപീടിക, സുനിൽ മുളങ്ങാട്ടുകര, ടോമി കൊള്ളിക്കുന്നേൽ, മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത് എന്നിവരടങ്ങിയ മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥലം വിറ്റത്. മണ്ഡലം സെക്രട്ടറിയാണ് കമ്മിറ്റിക്കായി പ്രമാണത്തിൽ ഒപ്പ് വച്ചത്. ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി ചേർന്ന ആലോചനായോഗത്തിൽ പങ്കെടുത്തവരെ കൊണ്ട് ഒപ്പുവച്ച പുസ്തകത്തിൽ സ്ഥലം വിൽപ്പന നടത്തുന്നതിനുള്ള തീരുമാനം എഴുതി ചേർത്തതായാണ് പറയുന്നത്. സ്ഥലം വിൽപ്പനയെക്കുറിച്ച് മണ്ഡലം കമ്മിറ്റി യോഗങ്ങളിലൊന്നും ചർച്ച നടത്തിയിട്ടില്ല. മണ്ഡലം പ്രസിഡന്റ് പലരോടും പല രീതിയിലാണ് സംസാരിക്കുന്നതെന്ന ആരോപണവുമുണ്ട്.

പത്ത് ലക്ഷം രൂപ കൈക്കലാക്കിയെന്ന് ആരോപണം

പാർട്ടി ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമങ്ങൾ വ്യക്തികളുടെ പേരിൽ നിന്നും അതാത് കമ്മിറ്റികളുടെ പേരിലേക്ക് ഉടൻ രജിസ്റ്റർ ചെയ്യണമെന്ന കെ.പി.സി.സി സർക്കുലർ നിലനിൽക്കെയാണ് പാലക്കപ്പറമ്പ് സെന്ററിൽ മെയിൻ റോഡിനോട് ചേർന്നുള്ള അഞ്ച് ലക്ഷത്തിന് മേൽ വിലമതിപ്പുള്ള 9.50 സെന്റ് സ്ഥലത്തെ ഓഫീസ് കെട്ടിടം ഒഴിച്ചുള്ള 7.50 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിക്ക് വിറ്റത്. ലഭിച്ച പണത്തിൽ സെന്റിന് രണ്ട് ലക്ഷം രൂപ കണക്കാക്കി വിൽപ്പന സംഘത്തിലെ രണ്ട് പേർ ഡയറക്ടർമാരായ സഹകരണ സംഘത്തിൽ നിക്ഷേപിച്ചു. സംഘത്തിലെ അംഗങ്ങൾക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുന്നതിനായി ബാക്കി പണത്തിൽ 10 ലക്ഷം രൂപ ഡി.സി.ഡി പ്രസിഡന്റിന് നൽകാനാണെന്ന് പറഞ്ഞ് ഡി.സി.സി സെക്രട്ടറി കൈക്കലാക്കിയതായും പറയുന്നു.