എരുമപ്പെട്ടി : ജില്ലാ പഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷനിൽ 2021-2025വരെ നടപ്പിലാക്കിയതും 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ പോകുന്നതുമായ പദ്ധതികൾ അടങ്ങിയ വികസനരേഖയുടെ കടങ്ങോട് പഞ്ചായത്തുതല പ്രകാശനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന് നൽകി നിർവഹിച്ചു. ഡിവിഷൻ പരിധിയിലെ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എരുമപ്പെട്ടി, വേലൂർ, മരത്തംകോട്, തയ്യൂർ എന്നീ വിദ്യാലയങ്ങളിൽ 380 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കിയതായും കടങ്ങോട്, എരുമപ്പെട്ടി, വേലൂർ എന്നീ മൂന്ന് പഞ്ചായത്തുകളിൽ വിവിധ പദ്ധതി പ്രവർത്തനങ്ങൾക്കായി 420 ലക്ഷം രൂപയോളം ചെലവഴിച്ചതായും 2025-26 വാർഷിക പദ്ധതിയിൽ വിദ്യാലയങ്ങൾ ഉൾപ്പെടെ 221 ലക്ഷം രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ടെണ്ടർ നടപടികൾ നടന്നുവരുന്നതായും ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ അറിയിച്ചു. വിദ്യാലയങ്ങൾ ഉൾപ്പെടെ മൂന്ന് പഞ്ചായത്തുകളിലായി പത്തു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ സഹകരിച്ച ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരോടുള്ള നന്ദിയും സ്‌നേഹവും ജില്ലാ പഞ്ചായത്ത് അംഗം അറിയിച്ചു. ചടങ്ങിൽ ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.