ഗുരുവായൂർ: നൂതന ആശയങ്ങളും സംരംഭങ്ങളും കാർഷിക രംഗത്തേക്ക് കടന്നു വരണമെന്ന് എൻ.കെ.അക്ബർ എം.എൽ.എ. ഗുരുവായൂർ നഗരസഭയും പൂക്കോട്, തൈക്കാട്, ഗുരുവായൂർ കൃഷിഭവനുകളും ചേർന്ന് സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി സംബന്ധമായ വാർത്തകൾക്കുള്ള ഗുരുവായൂർ നഗരസഭയുടെ പ്രഥമ കർഷക മാദ്ധ്യമ പുരസ്‌കാരം ലിജിത്ത് തരകന് എം.എൽ.എ സമ്മാനിച്ചു. കാർഷിക മേഖലയിൽ മികവ് കാഴ്ചവച്ച 28 പേർക്ക് പുരസ്‌കാരങ്ങൾ നൽകി. നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷനായി. അനീഷ്മ ഷനോജ്, എ.എം.ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, എ.സായിനാഥൻ, എസ്.ശശീന്ദ്ര, പി.റിജിത്, വി.ജി.രജിന എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗം വത്സൻ കളത്തിലിനെ ആദരിച്ചു.