anumodhanam

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി. പുല്ലൂറ്റ് സൗത്ത് ശാഖ വാർഷിക പൊതുയോഗവും കമ്മിറ്റി തെരഞ്ഞെടുപ്പും നടത്തി. പുല്ലൂറ്റ് ഗുരു ശ്രീ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ബി. മുരളീധരൻ അദ്ധ്യക്ഷതവഹിച്ചു. യോഗം കൗൺസിലർ ബേബി റാം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബാബു മങ്കാട്ടിൽ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുല്ലൂറ്റ് ശ്രീനാരായണ സമാജം സൗജന്യമായ തന്ന സ്ഥലത്ത് ശാഖയ്ക്ക് ഗുരുമന്ദിരം നിർമ്മിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ മൊമെന്റോ നൽകി അനുമോദിച്ചു. അഡ്മിനി സ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട് വരണാധികാരിയായി. സി.എസ്. തിലകൻ (പ്രസിഡന്റ്),ധനേഷ് പുല്ലം കാട്ടിൽ ( വൈസ് പ്രസിഡന്റ്), പ്രസാദ് ചക്കുങ്ങൽ (സെക്രട്ടറി), മജ്ഞു ഉണ്ണി. (യൂണിയൻ കമ്മിറ്റിയംഗം ) എന്നിവരടങ്ങുന്ന 11 അംഗ ശാഖാ ഭാരവാഹികളേയും പഞ്ചായത്ത് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ബാബു മങ്കാട്ടിൽ, സി.എസ്. തിലകൻ, പ്രസാദ് ചക്കുങ്ങൽ എന്നിവർ സംസാരിച്ചു.