ഗുരുവായൂർ : പുരാതന നായർ തറവാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിങ്ങ മഹോത്സവം ആഘോഷിച്ചു. കിഴക്കെ നടയിൽ 250ൽ പരം വാദ്യകലാകാരന്മാർ പങ്കെടുത്ത മഞ്ജുളാൽത്തറ മേളത്തിന് ഗുരുവായൂർ ജയപ്രകാശ് നേതൃത്വം നൽകി. തുടർന്ന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്‌കാരം പനമണ്ണ മനോഹരന് കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കൈമാറി. കെ.ടി.ശിവരാമൻ നായർ അദ്ധ്യക്ഷനായി. വി.പി.ഉണ്ണിക്കൃഷ്ണൻ, കല്ലൂർ ഉണ്ണിക്കൃഷ്ണൻ, അഡ്വ.രവി ചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, രമ്യ വിജയകുമാർ എന്നിവർ സംസാരിച്ചു. പുരസ്‌കാര വിതരണത്തിന് ശേഷം പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഗുരുവായൂരപ്പന്റെ ചിത്രവുമായി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്ര നടന്നു. ഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തി അഞ്ഞൂറോളം നെയ് വിളക്കുകൾ തിരിതെളിച്ച് ഭഗവാന് സമർപ്പിച്ചു. ചിങ്ങഹോത്സവത്തിന് ശ്രീധരൻ മാമ്പുഴ, നിർമ്മല നായകത്ത്, മുരളി അകമ്പടി, ഡോ. സോമസുന്ദരൻ, രാധാ ശിവരാമൻ, സരള മുള്ളത്ത്, വി.ബാലകൃഷ്ണൻ നായർ, എം. ശ്രീനാരായണൻ എന്നിവർ നേതൃത്വം നൽകി.