വടക്കാഞ്ചേരി: റേഷൻ മണ്ണെണ്ണ വിതരണ പ്രതിസന്ധി ഒഴിഞ്ഞു. ഇതോടെ തലപ്പിള്ളി താലൂക്കിൽ മണ്ണെണ്ണ വിതരണം വീണ്ടും ആരംഭിച്ചു. വാതിൽപ്പടി വിതരണത്തെച്ചൊല്ലി വ്യാപാരികളും സിവിൽ സപ്‌ളൈസ് വകുപ്പും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിച്ചതോടെയാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം റേഷൻ വ്യാപാരികൾ മണ്ണെണ്ണ വിതരണം പുനരാരംഭിച്ചത്.
നേരത്തെ മൊത്ത വിതരണ ഏജൻസി ടാങ്കർ ലോറികളിൽ ഡോർ ഡെലിവറി നടത്തിയിരുന്നു. ചെലവ് വ്യാപാരികളാണ് നൽകിയിരുന്നത്. മണ്ണെണ്ണ വിഹിതത്തിൽ കുറവ് വന്നതോടെ ഏജൻസി പിൻവാങ്ങി. ഇതോടെയാണ് വിതരണം സ്തംഭിച്ചത്. അടുത്ത തവണ കോടതി ഉത്തരവ് പ്രകാരം വാതിൽപ്പടി ലഭിക്കുമെന്നാണ് പ്രതീക്ഷ. മണ്ണെണ്ണ മുൻകാലങ്ങളിൽ ലഭ്യമാക്കിയിരുന്ന പോലെ വാതിൽപ്പടിയായി നൽകണമെന്നാണ് ആൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച കോടതി മൂന്ന് മാസത്തിനുള്ളിൽ സർക്കാരിനോട് നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. റേഷൻ വ്യാപാരികളുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.
വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കും
തലപ്പിള്ളി താലൂക്കിൽ 129 റേഷൻ കടകളിലും ഓണത്തിന് മുമ്പ് മണ്ണെണ്ണ വിതരണം പൂർത്തിയാക്കും. വ്യാപാരികൾ നേരിട്ട് മണ്ണാർക്കാട് നിന്നാണ് മണ്ണെണ്ണ എത്തിക്കുന്നത്. ഇതിനകം 24,000 ലിറ്റർ (രണ്ട് ലോഡ്) എത്തിച്ച് വിതരണം പൂർത്തിയാക്കി. മൂന്ന് ലോഡ് കൂടി അടുത്ത ദിവസങ്ങളിൽ എത്തിക്കും. വിതരണം ചെയ്തില്ലെങ്കിൽ കേന്ദ്ര വിഹിതം ലാപ്‌സാകും. അതുകൊണ്ടുതന്നെ വലിയ സാമ്പത്തിക ബാദ്ധ്യത സഹിച്ചാണ് വ്യാപാരികൾ മണ്ണെണ്ണ എത്തിച്ചത്. 67 രൂപയാണ് ലിറ്റർ വില. മഞ്ഞ കാർഡുടമകൾക്ക് ഒരു ലിറ്ററും മറ്റ് കാർഡുടമകൾക്ക് അര ലിറ്ററുമാണ് ലഭിക്കുക.