1
1

അത്താണി: നിർദ്ധന കുടുംബത്തെ തളർത്തി പറക്കമുറ്റാത്ത കുട്ടികൾക്ക് ഏക ആശ്രയമായ മാതാപിതാക്കളുടെ രോഗബാധ. നിത്യവൃത്തിക്ക് പോലും വകയില്ലാതായതോടെ പ്ലസ് ടു, പ്ലസ് വൺ ക്ലാസുകളിൽ പഠനം അവസാനിപ്പിച്ച് രണ്ട് മക്കൾ. മുണ്ടത്തിക്കോട് അയ്യപ്പൻകാവിന് സമീപം പാമ്പുങ്ങൽ രംഗൻ-സന്ധ്യ ദമ്പതികൾ വൃക്ക, അർബുദ രോഗബാധിതരായി വിധിയോട് പൊരുതുമ്പോൾ അവരെ പരിചരിക്കാൻ മക്കൾ മാത്രമാണുള്ളത്. വാസയോഗ്യമായ വീടില്ലാത്തതിന്റെ സങ്കടവും ഈ നിർദ്ധന കുടുംബം പേറുന്നു. വീട്ടിൽ അടുപ്പ് പുകയുന്നത് പോലും കാരുണ്യമതികളുടെ സഹായത്താലാണ്. ചികിത്സാ ചെലവിനൊപ്പം വീടും നിർമ്മിച്ച് നൽകാൻ ജനകീയ കമ്മിറ്റി തീരുമാനമെടുത്തിരിക്കയാണ്. കുടുംബപരമായി ലഭിച്ച ഭൂമിയിൽ ഉത്സവ നിറവിൽ കുറ്റിയടി നടന്നു. നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറുമെന്ന് ജനകീയ കമ്മിറ്റി ചെയർമാൻ കെ.അജിത്ത്കുമാർ, കൺവീനർ അനിൽ കുന്നൂർ, കോ-ഓർഡിനേറ്റർ ടി.എസ്.പത്മനാഭൻ എന്നിവർ അറിയിച്ചു. നഗരസഭാ കൗൺസിലർമാരായ കെ.ഗോപാലകൃഷ്ണൻ, രമണി പ്രേമദാസൻ, കെ.എൻ.പ്രകാശൻ എന്നിവർ പങ്കെടുത്തു.