വടക്കാഞ്ചേരി : നഗരസഭയിലെ ചരൽപ്പറമ്പ് ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയം പുനർ നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ലൈഫ് മിഷൻ ടെക്‌നിക്കൽ ടീം ഫ്‌ളാറ്റിലെ ഓരോ ബ്ലോക്കിലും വിശദ പരിശോധന നടത്തി. റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, തൃശൂർ എൻജിനീയറിംഗ് കോളേജിലെ അസി.പ്രൊഫസർമാരും അടങ്ങുന്ന വിദഗ്ദ്ധ സമിതി കെട്ടിടങ്ങളുടെ സാങ്കേതിക ക്ഷമത പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.

കെട്ടിടങ്ങളുടെ സ്ട്രക്ചറൽ സ്റ്റബിലിറ്റി പരിശോധിക്കാൻ കാലിക്കറ്റ് എൻ.ഐ.ടിയെ സർക്കാർ ചുമതലപ്പെടുത്തി. ഇവർ നടത്തിയ പരിശോധനയിൽ കെട്ടിടങ്ങൾക്ക് ബലക്ഷയമില്ലെന്ന് കണ്ടെത്തി. റിപ്പോർട്ട് പഠിച്ച് തുടർനടപടി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി എം.ബി.രാജേഷ് ലൈഫ് മിഷന് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ളവരുടെ ടെക്‌നിക്കൽ ടീം ചരൽപ്പറമ്പിലെത്തി പരിശോധന നടത്തിയത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നിയമോപദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ തുടർനടപടികൾ സ്വീകരിക്കും. നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.

വേണം ഇനിയും 30 കോടി

97,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ 140 ഭവനങ്ങളും, 4,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആശുപത്രി സമുച്ചയവും പൂർത്തിയാക്കാൻ 20 കോടിയും, റോഡ്, സംരക്ഷണ ഭിത്തി, കുടിവെള്ള പദ്ധതി, വൈദ്യുതി എന്നിവ സജ്ജമാക്കാനായി പത്ത് കോടിയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനാവശ്യമായ ഫണ്ട് ലൈഫ് മിഷനോ, സന്നദ്ധ സംഘടനകളോ കണ്ടെത്തണമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. നാല് പാർപ്പിട ബ്ലോക്കുകളുടെ നിർമ്മാണം 35 ശതമാനവും ഒരു ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം 60 ശതമാനവും പൂർത്തിയായ ഘട്ടത്തിലാണ് അഴിമതി ആരോപണത്തെ തുടർന്ന് 2020 ഒക്ടോബറിൽ നിർമ്മാണം നിറുത്തിവെച്ചത്.