ചാലക്കുടി: കൊരട്ടി പഞ്ചായത്ത് കോൺഗ്രസിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് എം.എൽ.എ വിളിച്ചുചേർത്ത എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗത്തിലും അസ്വാരസ്യം. പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അതു മുഖവിലയ്‌ക്കെടുക്കാതിരുന്നത് അഭിപ്രായ സമന്വയമില്ലാതെ യോഗം അവസാനിപ്പിക്കുന്നതിന് ഇടയാക്കി. ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, കെ.കെ.ജയൻ, ഫിൻസോ തങ്കച്ചൻ, ജോഷി വല്ലൂരാൻ, വർഗീസ് തച്ചുപറമ്പിൽ, എം.എ.രാമകൃഷ്ണൻ, ജോർജ് പയ്യപ്പിള്ളി തുടങ്ങിയ നേതാക്കളാണ് യോഗത്തിനെത്തിയത്. പഞ്ചായത്ത് ഭരണം പിടിക്കണമെങ്കിൽ നടപടിയുടെ പേരിൽ പുറത്തു നിൽക്കുന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുൻ മണ്ഡലം പ്രസിഡന്റ് എം.എ.രാമകൃഷ്ണൻ ശക്തമായി ആവശ്യപ്പെട്ടു. മറ്റു ചിലരും ഇത് ഏറ്റുപിടിച്ചപ്പോഴാണ് എം.എൽ.എ പൊട്ടിത്തെറിച്ചതത്രെ. ഇതോടെ മറ്റു നേതാക്കളും ഇതേആവശ്യം ഉന്നയിച്ചത് യോഗത്തിൽ ബഹളത്തിന് വഴിവച്ചു. ഏകോപന തീരുമാനമില്ലാതെ യോഗം അവസാനിപ്പിക്കേണ്ടി വന്നു. മണ്ഡലം പ്രസിഡന്റ് ലീലാ സുബ്രഹ്മണ്യന്റെ വിദേശ യാത്രയെ തുടർന്ന് കൂടിയാലോചനയില്ലാതെ തൽസ്ഥാനത്ത് ആൽബിൻ പൗലോസിനെ അവരോധിച്ചതാണ് കൊരട്ടിയിലെ പാർട്ടിയിൽ കലാപക്കൊടി ഉയർന്നത്. തീരുമാനത്തെ എതിർത്ത ഐ വിഭാഗം നേതാക്കളുമായി എം.എൽ.എ കൊമ്പുകോർത്തു. പിന്നീട് പലരുടേയും പേരിൽ നടപടിയുമുണ്ടായി. മണ്ഡലം കമ്മിറ്റിയിൽ ഇല്ലാത്ത ആൽബിൻ പൗലോസിനെ നീക്കാതെ ഒത്തുതീർപ്പിനെല്ലെന്ന ഉറച്ച നിലപാടിലാണ് ഐ വിഭാഗം നേതാക്കൾ.