കൊടുങ്ങല്ലൂർ : 77 വയസ് കഴിഞ്ഞ പുത്തൻപുരയ്ക്കൽ രവീന്ദ്രൻ ഭാര്യ വത്സലയുടെ മൂന്നര ലക്ഷം തിരികെ കൊടുക്കാതെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നവർക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം തീരുമാനിച്ചു. 11 മാസക്കാലത്തേക്ക് വീട് ലീസ് എഗ്രിമെന്റ് പ്രകാരം കൈവശം വാങ്ങുകയും പിന്നീട് വീടൊഴിഞ്ഞ് പണം ആവശ്യപ്പെട്ടപ്പോൾ ഐരാറ്റ് പ്രകാശൻ മകൻ പ്രവീഷ് ഭാര്യ സഹോദരനെയും കൂട്ടി വത്സലയെ ഭീഷണിപ്പെടുത്തുകയും, കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.
ഇരിങ്ങാലക്കുട വനിതാ സെല്ലിലാണ് ഇവർക്കെതിരെ പരാതിയുള്ളത്. പണം ചോദിക്കുമ്പോൾ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഇവർക്കെതിരെ എസ്.എച്ച്.ആർ.പി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോയ് കൈതാരത്തിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്.ദിനേശ്, സി.ഐ.കാസിം, ടി.കെ.കുഞ്ഞപ്പൻ, ഹസൻ മാള, പ്രദീപ് പഴവിള എന്നിവർ പങ്കെടുത്തു.