വടക്കാഞ്ചേരി: മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ അലൈൻമെന്റ് തയ്യാറാക്കാൻ ടോപ്പോഗ്രഫിക്കൽ സർവേക്ക് തുടക്കം. അലൈൻമെന്റ് പ്രദേശത്ത് നിലവിലുള്ള ട്രാക്ക്, റോഡ്, വീടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ ഘടനയും ഗ്രൗണ്ട് ലെവലും ടോപ്പോഗ്രാഫിക്കൽ സർവേയിൽ രേഖപ്പെടുത്തും. വയൽ, തോട്, മറ്റു ജലസ്രോതസ്സുകളും രേഖപ്പെടുത്തും. സാമൂഹികാഘാതമില്ലാത്ത വിധത്തിലാണ് മേൽപ്പാലത്തിന്റെ അലൈൻമെന്റ് തയ്യാറാക്കുക. ഇതിന് ശേഷം ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിംഗ് (ജി.എ ഡി) പൂർത്തിയാക്കി റെയിൽവേക്ക് സമർപ്പിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ. എ.അറിയിച്ചു. നിർവഹണ ഏജൻസിയായി സംസ്ഥാന സർക്കാർ, റെയിൽവേ സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനെ (കെ.റെയിൽ) ചുമതലപ്പെടുത്തി.
ഓട്ടുപാറയിൽ നിന്നും അപ്രോച്ച് റോഡ്
ഓട്ടുപാറയിൽ നിന്നും മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്ന രീതിയിലാണ് പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപ്പാസ് റോഡ് മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ അടിയിലൂടെ കടന്നു പോകുന്ന രീതിയിലാണ് രൂപരേഖ. ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലേക്കുള്ള ദൂരകുറവും ഗേറ്റിനടുത്തുള്ള കൊടുംവളവും പരിഗണിച്ചുള്ള അലൈൻമെന്റാണ് പരിഗണനയിലുള്ളത്.