thalikulam

തൃപ്രയാർ: കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി എല്ലാ വാർഡുകളും വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ച് പരിഹാരം കാണുകയാണ് തളിക്കുളം പഞ്ചായത്ത്. രണ്ട് ദിവസങ്ങളിലായി 6, 10, 13, 15, 16 എന്നീ വാർഡുകളിലേക്കുള്ള അഞ്ച് വാട്ടർ കിയോസ്‌കുകളാണ് പൊതുജനങ്ങൾക്കായി സമർപ്പിച്ചത്. വാട്ടർ കിയോസ്‌കുകളുടെ ഉദ്ഘാടനം തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത നിർവഹിച്ചു. കുടിവെള്ള പ്രശ്‌നം നേരിടുന്ന പ്രദേശങ്ങളിലേക്ക് തനത് കുടിവെള്ള പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വാട്ടർ കിയോസ്‌കിന് അഞ്ച് ലക്ഷം രൂപ വീതം അഞ്ച് വാട്ടർ കിയോസ്‌കുകൾക്ക് 25 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ചിലവഴിച്ചത്. ഉദ്ഘാടന ചടങ്ങുകളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അനിത, സന്ധ്യാ മനോഹരൻ, എ.എം.മെഹബൂബ്, ജീജ രാധാകൃഷ്ണൻ, ബുഷറ അബ്ദുൾ നാസർ, ഷൈജ കിഷോർ, ബിന്നി അറയ്ക്കൽ, സി.കെ.ഷിജി, കെ.കെ.സൈനുദ്ദീൻ എന്നിവർ സംബന്ധിച്ചു.

പൂർത്തിയാകുക ആറ് കിയോസ്കുകളും അഞ്ച് പദ്ധതികളും

ആറ് വാട്ടർ കിയോസ്‌കുകൾ കൂടി പുതുതായി സ്ഥാപിക്കും. 13 വാട്ടർ കിയോസ്‌കുകളാണ് തളിക്കുളം പഞ്ചായത്തിൽ നിലവിലുള്ളത്. ഇതിനു പുറമേ അഞ്ച് എസ്.സി ഉന്നതി കേന്ദ്രങ്ങളിലേക്ക് തനത് കുടിവെള്ള പദ്ധതികൾ നിർമ്മാണം പൂർത്തീകരിച്ച് അതിന്റെ അവസാന ഘട്ടത്തിലുമാണ്. നാല്, അഞ്ച് വാർഡുകളായ കലാഞ്ഞി, പുളിയംതുരുത്ത് മേഖലയിലേക്ക് ഒരു കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് ഭരണസമിതി പൂർത്തീകരിച്ചത്.