building

തൃശൂർ: ആധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന കുന്നംകുളം നഗരസഭയുടെ അനക്‌സ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു. എ.സി.മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.20 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. മൂന്ന് നിലകളിലാണ് അനക്‌സ് കെട്ടിടം നിർമ്മിക്കുന്നത്. 9392 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന അനക്‌സിൽ ബേസ്‌മെന്റ് ഫ്‌ളോർ, ഗ്രൗണ്ട് ഫ്‌ളോർ, ഒന്നാം നില എന്നിങ്ങനെയാണ് ഒരുക്കുക. ലിഫ്റ്റ് സൗകര്യവും ഉണ്ടാകും. ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലുമായി ഓഫീസ് പ്രവർത്തനങ്ങൾ സജ്ജീകരിക്കും. വിശാലമായ പാർക്കിംഗ് സംവിധാനവും ഫ്രണ്ട് ഓഫീസും അനക്‌സിന്റെ പ്രത്യേകതകളായിരിക്കും.