കൊടുങ്ങല്ലൂർ: ആയുരാരോഗ്യ സൗഖ്യം പദ്ധതിയിലുൾപ്പെടുത്തി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഒരുക്കുന്ന പുതിയ ഡയാലിസിസ് വാർഡ് 27ന് ഉദ്ഘാടനം ചെയ്യും. മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ.ബേബിയുടെ നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുകന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് യൂണിറ്റ് ഒരുക്കുന്നത്. പദ്ധതി പൂർത്തീകരണത്തിനായി റോട്ടറി ഇന്റർനാഷണൽ പെരിഞ്ഞനം റോട്ടറി ക്ലബ് വഴി 40 ലക്ഷം രൂപ നൽകും. പദ്ധതിക്കായി നേരത്തെ സീഷോർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദലി 20 ലക്ഷം രൂപ നൽകിയിരുന്നു. പ്രവർത്തനങ്ങളെല്ലാം പൂർത്തിയാവുമ്പോൾ ഇതുവരെ ചെലവിട്ടത് 55 ലക്ഷം രൂപയാണ്. ഇതിനുപുറമെ നഗരസഭയും താലൂക്ക് ആശുപത്രിയും വിവിധ ഘട്ടങ്ങളിലായി അവരുടെ പങ്ക് തുകകളും ചെലവഴിച്ചാണ് പരിശ്രമങ്ങൾ പൂർത്തിയാക്കുന്നത്. ആശുപത്രിയിൽ ഒഴിഞ്ഞ് കിടന്നിരുന്ന വലിയൊരു വാർഡ് ഇതിനായി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിക്കഴിഞ്ഞു. ആശുപത്രിയിൽ നിലവിലുള്ള 11 മെഷീന് പുറമെ പുതുതായി നാല് മെഷീനുകളും ഒ.ആർ.പ്ലാന്റും ഒരുക്കിയിട്ടുണ്ട്. നഴ്‌സിംഗ് റൂമും ഐസൊലേഷൻ റൂമും ഇരുപതോളം കിടക്കകൾക്കുളള സൗകര്യങ്ങളും ഒരുക്കി. നിലവിൽ ആശുപത്രിയിലുള്ള ഡയാലിസിസ് ക്രമീകരണങ്ങൾ പുതിയ വാർഡിലേക്ക് ഉടൻ മാറ്റും.