strike

ചാലക്കുടി: പുലിയുടെ ആക്രമണത്തിൽ നിന്നും മനുഷ്യജീവൻ സംരക്ഷിക്കുക, പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുക, നിറുത്തിവച്ച ഫെൻസിംഗ് നിർമ്മാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അതിരപ്പിള്ളി പഞ്ചായത്തിലെ എൽ.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അരൂർമുഴിയിലെ കൊന്നകുഴി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുൻപിൽ നടത്തിയ സമരത്തിൽ പ്രവർത്തകരും പങ്കെടുത്തു. പ്രതിഷേധത്തെത്തുടർന്ന് പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സ്ഥലത്തെത്തുകയും സമരക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. പുലി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന വെറ്റിലപ്പാറ പോസ്റ്റ് ഓഫീസ് പ്രദേശത്ത് അഞ്ചു ദിവസത്തിനകം കൂട് സ്ഥാപിക്കുമെന്നും പുഴയോരത്തെ ഫെൻസിംഗ് നിർമ്മാണം സെപ്തംബർ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്നും ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി.ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ്, സൗമിനി മണിലാൽ, സി.സി.കൃഷ്ണൻ, ആതിര ദേവരാജൻ, കെ.കെ.സന്തോഷ്, കെ.എസ്.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.