കൊടുങ്ങല്ലൂർ : മനുഷ്യാവകാശ കേന്ദ്രം എന്ന സംഘടന വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയർത്തുന്നതെന്ന് ആരോപണ വിധേയനായ പ്രവീഷ് കേരളകൗമുദിയോട് പ്രതികരിച്ചു. ലീസ് എഗ്രിമെന്റ് പ്രകാരം കൈമാറിയ തന്റെ വീടുമായി ബന്ധപ്പെട്ടുള്ള ഉഭയകക്ഷി കരാർ, താമസക്കാരുടെ നിർബന്ധത്താൽ 2025 മാർച്ചിൽ വീണ്ടും പുതുക്കി.
ഈയിടെ കരാർ കാലാവധി നിലനിൽക്കേ സെക്യൂരിറ്റി സംഖ്യ തിരികെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. കരാർ കാലാവധിയിൽ വീടൊഴിയുമ്പോൾ സെക്യൂരിറ്റി തുക തിരികെ നൽകാൻ സാവകാശം വേണമെന്ന നിലപാട് നിയമവിധേയമാണ്. വീടൊഴിഞ്ഞെങ്കിലും സെക്യൂരിറ്റിയായി നൽകിയിരുന്ന സംഖ്യ നൽകാതെ താക്കോൽ തിരികെ നൽകില്ലെന്ന നിലപാടിലായിരുന്നു താമസക്കാരെന്നും പ്രവീഷ് പറയുന്നു.
താനുമായി യാതൊരു ബന്ധവുമില്ലാത്ത ഡേവിഡ് എന്നയാൾ തനിക്കെതിരെ ഉയർത്തിയ ഭീഷണി സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതോടെയാണ്, മനുഷ്യാവകാശ കേന്ദ്രമെന്ന പേരിൽ തനിക്കെതിരെ കുപ്രചരണമാരംഭിച്ചതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും വൃദ്ധയ്ക്കെതിരെ ഭീഷണിയെന്ന തലക്കെട്ടിൽ ഇന്നലത്തെ പത്രവാർത്തയിലുള്ള ഐരാറ്റ് പ്രകാശൻ മകൻ പ്രവീഷ് കൂട്ടിച്ചേർത്തു.