പെരിങ്ങോട്ടുകര : ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യനായ വിദ്യാനന്ദ സ്വാമികളുടെ സമാധി ദിനാചരണം ഇന്ന്. പുറത്തൂർ ചെമ്മാനി തറവാട്ടിൽ കൊച്ചപ്പന്റെ മകനായി 1890ൽ ജനിച്ച അദ്ദേഹം 1944 ആഗസ്ത് 22നാണ് സമാധിയായത്. ചെറുപ്പത്തിലേ നാടു വിട്ടുപോയ അദ്ദേഹം തമിഴ്‌നാട്ടിലെത്തി സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടുകയും അവിടെവച്ച് സന്യാസിയാകുകയും ചെയ്തു.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായി. തുടർന്ന് പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം മഠാധിപതിയായി. വിവിധ വിദ്യാഭ്യാസ, ആദ്ധ്യാത്മിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുവിന്റെ സിലോൺ സന്ദർശനത്തിൽ അദ്ദേഹത്തെ അനുഗമിച്ചു. ആശ്രമത്തിന്റെ മഠാധിപതിയായിരിക്കെയായിരുന്നു വിയോഗം. ഇന്ന് രാവിലെ എട്ടിന് പെരിങ്ങോട്ടുകര ആശ്രമത്തോട് ചേർന്നുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. വൈകിട്ട് നാല് മുതൽ പുറത്തൂരിൽ അദ്ദേഹത്തിന്റെ തറവാട് വീട്ടുമുറ്റത്ത് (ആർക്കിടെക്ട് സി.വി.സന്തോഷിന്റെ വസതി) അനുസ്മരണ പ്രഭാഷണം നടത്തും. സഹോദരൻ അയ്യപ്പനെയും അനുസ്മരിക്കും. എഴുത്തുകാരും മാദ്ധ്യമപ്രവർത്തകരുമായ കെ.എൻ.ഷാജി, എം.പി.സുരേന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തും. കെ.ആർ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.