വടക്കാഞ്ചേരി: അമൃത് ഭാരത് സ്‌റ്റേഷനാക്കി വടക്കാഞ്ചേരി റെയിൽവെ സ്‌റ്റേഷനെ ഉയർത്തി ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനം നടക്കാനുള്ള സാദ്ധ്യത മങ്ങുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തത് പ്രതിസന്ധിയാകുന്നു. 2024 മാർച്ച് 30ന് സ്‌റ്റേഷൻ സന്ദർശിച്ച അന്നത്തെ റെയിൽവെ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി (പി.എ.സി) ചെയർപേഴ്‌സൺ പി.കെ.കൃഷ്ണദാസാണ് സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷൻ പട്ടികയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് മേൽക്കൂര സ്ഥാപിക്കൽ, കുടിവെള്ളം, വെളിച്ചം, ഇരിപ്പിടം എന്നിവ ഒരുക്കൽ, ഉയർന്ന ക്ലാസിലെ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി, ശൗചാലയങ്ങൾ, ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ട്രാക്ക് മുറിച്ച് കടക്കുന്നത് ഇല്ലാതാക്കാൻ ലിഫ്റ്റ് സംവിധാനം, പാർക്കിംഗ് സൗകര്യ വിപുലീകരണം തുടങ്ങി വിവിധ സംവിധാനങ്ങളാണ് അമൃത് പദ്ധതിയിൽ നടപ്പാക്കുന്നത്.
പഴയ കെട്ടിടത്തിന്റെ മുഖച്ഛായ മാറ്റി പുതിയ കെട്ടിടം ഒരുക്കലും പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിൽ കെട്ടിട നവീകരണം ഇനിയും പൂർത്തിയായിട്ടില്ല. പാർക്കിംഗ് കേന്ദ്രം സജ്ജമാണ്. മേൽക്കൂര, ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യം, ടിക്കറ്റ് കൗണ്ടർ എന്നിവ നിർമ്മാണ ഘട്ടത്തിലാണ്. ലിഫ്റ്റ് ഒഴിച്ചുള്ള പദ്ധതികൾ ആദ്യഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖാപനം. നേരത്തെ രണ്ട് തവണ പ്രഖ്യാപിച്ച ഉദ്ഘാടന തിയതികൾ മാറ്റിവച്ചിരുന്നു. ഒക്ടോബറിലും നടക്കാൻ സാധ്യതയില്ല.
ഉദ്ഘാടനം ഡിസംബറിലെന്ന് പി. കെ.കൃഷ്ണദാസ്
വടക്കാഞ്ചേരി അമൃത് ഭാരത് സ്‌റ്റേഷൻ ഉദ്ഘാടനം ഡിസംബറിലേ നടക്കാൻ സാദ്ധ്യതയുള്ളൂവെന്ന് മുൻ പി.എ.സി ചെയർപേഴ്‌സൺ പി.കെ.കൃഷ്ണദാസ് അറിയിച്ചു. കഴിഞ്ഞദിവസം സ്‌റ്റേഷനിലെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കാത്തിരിപ്പുകേന്ദ്രം, ശുചിമുറികൾ, പാർക്കിംഗ് എന്നിവ മൂന്നിരട്ടി വർദ്ധിപ്പിച്ചതായി അറിയിച്ചു. പ്ലാറ്റ് ഫോം മേൽക്കൂരകളുടെ നീളം വർദ്ധിപ്പിക്കൽ, കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കൽ എന്നിവ റെയിൽവെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അറിയിച്ചു.